സ്വന്തം നാട്ടുകാരന്‍റെ കൊലപാതകം; ദുബൈയിൽ എട്ട് ഇസ്രായേൽ പൗരന്മാർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഇസ്രായേൽ പൗരൻമാർ
ദുബൈ: സ്വന്തം നാട്ടുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ട് ഇസ്രായേൽ പൗരൻമാരെ ദുബൈ പൊലീസ് അറസ്റ്റു ചെയ്തു.33കാരൻ ഗസ്സാൻ ശാംസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. രണ്ട് ഇസ്രായേൽ കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ബിസിനസ് ബേയിലൂടെ നടന്നുപോകുകയായിരുന്ന ശാംസിയെ പ്രതികൾ കഫേയിലേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞയുടനെ ക്രിമിനൽ അന്വേഷണ വിഭാഗം പ്രത്യേക ടീം രൂപവത്കരിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ഏറ്റവും മികച്ച ക്രിമിനൽ ഡാറ്റ വിശകലന സെന്‍ററിന്‍റെ സഹായത്തോടെ മൂന്ന് പ്രധാന പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന് മൂന്നു മണിക്കൂറിനുള്ളിൽ ഇവരെ അറസ്റ്റു ചെയ്തു. ഇവരിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളിലേക്കെത്തിയ പൊലീസ് 24 മണിക്കൂറിനുള്ളിൽ മുഴുവൻ പ്രതികളുടെയും പിടികൂടി.
കൊല്ലപ്പെട്ടയാളുടെയും പ്രതികളുടെയും കുടുംബങ്ങൾ തമ്മിൽ നാട്ടിൽ തർക്കം നിലനിന്നിരുന്നു. ഇതിന്‍റെ ഫലമായി മേയ് ആറിന് 24കാരൻ കൊല്ലപ്പെട്ടു. ഇതിന്‍റെ പ്രതികാരമായാണ് യുവാവിനെ ദുബൈയിൽ വെച്ച് കൊലപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറിയതായി ദുബൈ പൊലീസ് അറിയിച്ചു.