ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചയാൾ അപകടനില തരണംചെയ്തു
text_fieldsപാലക്കാട്: ഭാര്യയെ കുത്തിക്കൊന്നശേഷം ആത്മഹത്യക്കു ശ്രമിച്ച ഭർത്താവ് അപകടനില തരണംചെയ്തു. തോലനൂർ തോട്ടക്കര പനയമ്പാടം വീട്ടിൽ ചന്ദ്രിക (52) ആണ് ഭർത്താവ് രാജന്റെ (60) കുത്തേറ്റ് ഞായറാഴ്ച രാവിലെ മരിച്ചത്.
വാടകക്കു താമസിക്കുന്ന കണ്ണാടി കിണാശ്ശേരി ഉപ്പുംപാടത്തുവെച്ചാണ് സംഭവം. സ്വയം കുത്തിപ്പരിക്കേൽപിച്ച രാജനെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജനെ ശസ്ത്രക്രിയക്കു വിധേയമാക്കിയിരുന്നു. തിങ്കളാഴ്ച അപകടനില തരണംചെയ്തായി ഡോക്ടർമാർ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. വിഷാദ രോഗത്തിന് രാജൻ വർഷങ്ങളായി തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടുണ്ട്. ഹൃദ്രോഗിയായ രാജൻ ആൻജിയോപ്ലാസ്റ്റിക്കും വിധേയനായിരുന്നു.
താന് ഇല്ലാതായാൽ ഭാര്യ ഒറ്റപ്പെടുമോ എന്ന തോന്നലാണ് കൊലപാതകത്തിന് രാജനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
മൂന്നു മാസത്തോളമായി ഇയാൾ മരുന്ന് കഴിക്കാറില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഞായറാഴ്ച രാവിലെ അഞ്ചോടെ ചന്ദ്രികയുടെ നിലവിളി കേട്ട് വീടിന്റെ ഒന്നാംനിലയിൽ ഉണ്ടായിരുന്ന മകൾ വിനീത താഴെ നിലയിലെത്തി നോക്കിയപ്പോൾ അച്ഛനും അമ്മയും ചോരയിൽ കുളിച്ച നിലയിലായിരുന്നു. വാതിൽ ഉള്ളിൽനിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. രാജൻ തന്നെയാണ് വാതിൽ തുറന്നതെന്ന് മകൾ പൊലീസിനോട് പറഞ്ഞു. പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ വിനീതയുടെ സൗകര്യത്തിനുവേണ്ടിയാണ് കുടുംബം കിണാശ്ശേരിയിൽ രണ്ടാഴ്ച മുമ്പ് താമസമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

