പിതാവിനെ തലക്കടിച്ച് കൊന്ന കേസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു
text_fieldsതങ്കച്ചനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന് കൊച്ചുമോനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു
എടക്കര: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ മകന്റെ അടിയേറ്റ് പിതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത് മുപ്പാലിപ്പൊട്ടി തറയില്‍ പുത്തന്‍വീട് തങ്കച്ചനാണ് (69) മകന് കൊച്ചുമോന് എന്ന വര്‍ഗീസിന്റെ (42) അടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.
അടിപിടിയില്‍ പരിക്കേറ്റ പ്രതി കൊച്ചുമോനെ സ്ഥലത്തെത്തിയ എടക്കര പൊലീസ് സംഭവസ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും മദ്യപിച്ച ശേഷമുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചത്. കൊച്ചുമോന്റെ വടികൊണ്ടുള്ള അടിയേറ്റ് തലയിലുണ്ടായ മുറിവില്‍നിന്ന് രക്തം വാര്‍ന്നതാണ് തങ്കച്ചന്റെ മരണത്തിന് കാരണം.
വ്യാഴാഴ്ച ഉച്ചയോടെ പ്രതി കൊച്ചുമോനെ സംഭവം നടന്ന സ്വന്തം വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. പിതാവും മാതാവും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും ഗത്യന്തരമില്ലാതെ മാതാവിന്റെ കൈയിലെ വടി വാങ്ങി അച്ഛനെ പൊതിരെ തല്ലിയെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അടിക്കാന്‍ ഉപയോഗിച്ച വടി പൊലീസിന് വര്‍ഗീസ് തന്നെ കാണിച്ചു കൊടുത്തു. മലപ്പുറം ഫോറന്‍സിക് വിഭാഗം ഓഫിസര്‍ സൈനബ ഇളയിടത്ത്, മലപ്പുറം വിരലടയാള വിദഗ്ധര്‍, പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, എസ്.ഐമാരായ സജീഷ്, അബൂബക്കര്‍, സതീഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ചുങ്കത്തറ മാര്‍ത്തോമ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മകള്‍ ലിസിയും മരുമകള്‍ ലിന്സിയും എത്തിയ ശേഷം സംസ്കരിക്കും.