കൊലക്കേസ്: ഒളിവിലിരുന്ന ഝാർഖണ്ഡ് സ്വദേശി പിടിയിൽ
text_fieldsലോറൻസ് സാമന്ത്
കാക്കനാട്: ഝാർഖണ്ഡിൽ കൊലപാതകം നടത്തി കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. ജാർഖണ്ഡിലെ കച്ചായി പൊലീസ് സ്റ്റേഷൻ പരിധിയിൽ 70കാരിയായ മന്ത്രവാദിനിയെ കൊന്ന കേസിലെ പ്രതി ലോറൻസ് സാമന്താണ് (നരേൻ സാമന്ത് - 31) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
ഝാർഖണ്ഡിലെ സരേകാല കർസവാൻ ജില്ലയിലായിരുന്നു സംഭവം. തന്റെ കുട്ടിയുടെ ചികിത്സക്ക് ലോറൻസ് മന്ത്രവാദിനിയെ സമീപിച്ചിരുന്നു. ചികിത്സകൾ നടത്തിയിട്ടും ഫലം കാണാതെ വന്നതോടെ ഇവരെ കഴുത്തറത്ത് കൊല്ലുകയായിരുന്നു. പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞ ലോറൻസ് വാഴക്കാലയിൽ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു.
ഝാർഖണ്ഡ് പൊലീസ് മേധാവി എറണാകുളം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര അസി. കമീഷണർ പി.വി. ബേബിയുടെ നിർദേശാനുസരണം തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് ലോറൻസിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.ബി. അനീഷ്, റോയ് കെ പൊന്നൂസ്, എ.എസ്.ഐ ഗിരീഷ്, സീനിയർ സി.പി.ഒമാരായ ജാബിർ സലീം, അനീഷ് എന്നിവരും ഉണ്ടായിരുന്നു. കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഝാർഖണ്ഡിൽ നിന്നെത്തിയ പൊലീസ് സംഘം പ്രത്യേക അനുമതി വാങ്ങി കൊണ്ടുപോയി.