ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ കേസ്; പ്രതിയുമായി ഇന്നലെയും തെളിവെടുപ്പ്
text_fieldsഭർത്താവ് സാം ജോർജ്, കൊല്ലപ്പെട്ട ജെസി
കോട്ടയം: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കൊക്കയിലെറിഞ്ഞത് വിശദീകരിക്കുമ്പോൾ പക വിട്ടുമാറാതെ സാം കെ. ജോർജെന്ന 59കാരൻ. കഴിഞ്ഞ ദിവസം കൃത്യംനടന്ന വീട്ടിലും ഇന്നലെ എം.ജി യൂനിവേഴ്സിറ്റിയിലും തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ കുറ്റബോധമൊന്നുമില്ലാതെ പ്രതി സംഭവം വിവരിച്ചു. മൊബൈൽഫോണുകൾ വലിച്ചെറിഞ്ഞ യൂനിവേഴ്സിറ്റി ആസ്ഥാനത്തെ കുളവും എങ്ങനെ എറിഞ്ഞെന്നുമൊക്കെ വിശദമാക്കി. കാണക്കാരി സ്വദേശി ജെസിയെ (49) കൊന്ന് മൃതദേഹം ഇടുക്കിയിലെ കൊക്കയിൽ എറിഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സാം അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
ഭാര്യയെക്കുറിച്ചുള്ള കുറ്റങ്ങളാണ് മൊഴിയിൽ ആവർത്തിച്ചത്. വർഷങ്ങളായി തങ്ങൾ മിണ്ടാറില്ലായിരുന്നെന്നും ആവശ്യമില്ലാതെ ജെസി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും സാം പറഞ്ഞു. സംഭവദിവസം താൻ കാർ കഴുകുമ്പോഴാണ് കൊലപാതകത്തിലേക്ക് വഴിവെച്ച സംഭവത്തിന്റെ തുടക്കം. ഈ സമയം സിറ്റൗട്ടിൽനിന്ന് ജെസി തന്നോട് വഴക്കിട്ടു. തുടർന്ന് വാക്കത്തികൊണ്ട് തന്നെ വെട്ടി. കൈകൊണ്ട് തട്ടിക്കളഞ്ഞ താൻ, കാറിൽ സൂക്ഷിച്ചിരുന്ന കുരുമുളക് സ്പ്രേ നേരെ പ്രയോഗിച്ചു.
കണ്ണുപൊത്തി മുറിയിലേക്ക് ഓടിയ ജെസിക്ക് പിന്നാലെ ചെന്ന് വീണ്ടും സ്പ്രേ അടിച്ചു. തുടർന്ന് തോർത്തുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം വലിച്ചിഴച്ച് കാറിന്റെ ഡിക്കിയിലിട്ടു. സിറ്റൗട്ടും മുറിയും വൃത്തിയാക്കിയ ശേഷമാണ് മൃതദേഹം കൊണ്ടുപോയി കൊക്കയിൽ തള്ളിയത്. കൊലക്ക് ഉപയോഗിച്ചെന്ന് കരുതുന്ന തോർത്തുകളും മറ്റ് സാമ്പിളുകളും വിദഗ്ധ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു. തെളിവായ ജെസിയുടെ ഉൾപ്പെടെ രണ്ട് മൊബൈൽ ഫോണുകൾ എം.ജി സർവകലാശാല ട്രാവൽ ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റിന് സമീപത്തെ കുളത്തിൽ സ്കൂബ ഡൈവിങ് സംഘം കണ്ടെത്തി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ബുധനാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.
വിവാഹിതനെന്ന് അറിയില്ലായിരുന്നു, സാം തെറ്റിദ്ധരിപ്പിച്ചെന്ന് ഇറാനിയൻ യുവതി
സാം കെ. ജോർജ് വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവാണെന്നുമറിഞ്ഞത് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായപ്പോൾ മാത്രമാണെന്ന് ഒപ്പംതാമസിച്ചിരുന്ന ഇറാനിയൻ യുവതി. കൊലപാതകത്തിനിടെ സാമിന്റെ കൈക്ക് പറ്റിയ മുറിവിനെ കുറിച്ച് ചോദിച്ചപ്പോൾ പൂച്ച മാന്തിയതാണെന്നാണ് പറഞ്ഞതെന്നും യുവതി പൊലീസിന് മൊഴി നൽകി.
എം.ജി സർവകലാശാലാ കാമ്പസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് കോഴ്സിനാണ് യുവതി ആദ്യം അപേക്ഷ നൽകിയത്. എന്നാൽ, ഇവിടെ യോഗ കോഴ്സ് പഠിച്ചിരുന്ന സാമാണ് ടെഹ്റാൻ സന്ദർശന വേളയിൽ യുവതിയെ യോഗക്ക് ചേരാൻ പ്രേരിപ്പിച്ചത്. എം.ടി.ടി.എം കോഴ്സിന് തലേവർഷം ചേർന്ന സാം അതുപൂർത്തിയാക്കാതെ യോഗയുടെ ഹ്രസ്വകാല കോഴ്സിന് ഇവിടെ ചേർന്നു. അതിനാലാണ് യുവതിയെയും അതേ കോഴ്സിന് ചേരാൻ പ്രേരിപ്പിച്ചത്.
ട്രാവൽ മാനേജ്മെന്റ് കോഴ്സിൽ സഹപാഠിയായിരുന്ന ഇറാൻകാരനുമായി ചങ്ങാത്തം സ്ഥാപിച്ചാണ് ഈവർഷം ആദ്യം സാം ടെഹ്റാനിൽ പോയതും അവിടെവെച്ച് യുവതിയെ കണ്ടതും. യോഗ കോഴ്സിന് ചേരാനെത്തിയ യുവതിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ കോഴ്സ് കോഓഡിനേറ്റർക്കൊപ്പം സാമും പോയിരുന്നു. സാമിന്റെ വീട്ടിൽ മുകളിലത്തെ നിലയിലും താൻ താമസിച്ചിട്ടുണ്ടെന്ന് യുവതി പൊലീസിനോടു പറഞ്ഞു. മുൻജീവിതപങ്കാളിയാണ് ജെസി എന്നാണ് പറഞ്ഞിരുന്നത്. ഒരിക്കൽ ഇരുവരും കലഹിക്കുന്നത് കണ്ടപ്പോഴാണ് യുവതി അവിടുന്ന് താമസം മാറിയത്.
മൈസൂരുവിൽ ദസറ ആഘോഷം കാണാൻ പോകാമെന്ന് പറഞ്ഞ് സാമാണ് ആദ്യം ബംഗളുരുവിലേക്കും പിന്നീട് മൈസൂരുവിലേക്കും കൊണ്ടുപോയതെന്നും യുവതി പൊലീസിനോടു പറഞ്ഞു. മൈസൂരുവിൽവെച്ച് സാം പിടിയിലായപ്പോഴും യുവതിക്ക് കാര്യം മനസ്സിലായില്ല. സാമിന്റെ ഭാര്യയെ കാണാനില്ലെന്നും അതിനാലാണ് കസ്റ്റഡിയിൽ എടുക്കുന്നതെന്നും അറിയിച്ചപ്പോഴാണ് അയാൾ വിവാഹിതനാണെന്ന കാര്യം അറിഞ്ഞതെന്നും യുവതി വ്യക്തമാക്കി. കൊലപാതകത്തിൽ യുവതിക്ക് പങ്കില്ലെന്ന് വ്യക്തമായതിനെ തുടർന്ന് അവരെ വിട്ടയച്ചതായും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ജെസിയുടെ ഒരു ഫോൺ കുളത്തിൽനിന്ന് കണ്ടെത്തി
ജെസിയുടെ രണ്ട് ഫോണുകളിൽ ഒരെണ്ണം എം.ജി യൂനിവേഴ്സിറ്റിയിലെ പൊട്ടക്കുളത്തിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തി. ഇത് ജെസിയുടെ മൊബൈൽ ഫോണാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ഫോണിനായി വൈകിയും തിരച്ചിൽ തുടരുകയാണ്. കേസിലെ പ്രതിയായ ജെസിയുടെ ഭർത്താവ് സാം കെ. ജോർജ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കൊല്ലപ്പെട്ട ജെസി ഉപയോഗിച്ച മൊബൈൽ ഫോൺ എം.ജി സർവകലാശാല കാമ്പസിലെ കുളത്തിൽനിന്ന് സ്കൂബ ഡൈവിങ് സംഘം കണ്ടെടുത്തപ്പോൾ
ചൊവ്വാഴ്ച സ്കൂബ സംഘത്തിന്റെ സഹായത്തോടെയാണ് കുളത്തിൽ വീണ്ടും പരിശോധന നടത്തിയത്. പ്രതി സാമിനെയും കൊണ്ടുവന്നിരുന്നു. ഈ ഫോൺ സാങ്കേതികമായി പരിശോധിക്കുമ്പോൾ കേസിൽ നിർണായക തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എം.ജി യൂനിവേഴ്സിറ്റി കാമ്പസിലെ വിദ്യാർഥിയായിരുന്നു സാം. ജിമ്മിലെ ഇൻസ്ട്രക്ടർ എന്നായിരുന്നു ഇയാൾ എല്ലാവരോടും പറഞ്ഞിരുന്നതത്രേ.
കൊലപാതകം തീരുമാനിച്ച് ഉറപ്പിച്ച പ്രകാരം; വിദേശവനിതയെ സാം വീട്ടിലേക്ക് കൊണ്ടുവന്നത് കുടുംബപ്രശ്നം രൂക്ഷമാക്കി
നിരന്തരം പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് രണ്ടാംഭാര്യ ജെസിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയതെന്ന് പ്രതി സാമിന്റെ മൊഴി. താൻ താമസിച്ചിരുന്ന വീട്ടിൽനിന്നുമാറി മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പലകുറി ആവശ്യപ്പെട്ടിട്ടും അതിന് അവർ തയാറായില്ല. അഞ്ച് വീടുകൾ അവർക്ക് താമസിക്കാനായി കണ്ടെത്തി നൽകി. വാടക ഉൾപ്പെടെ നൽകാമെന്ന് പറഞ്ഞിട്ടും മാറാൻ കൂട്ടാക്കിയില്ല. പിന്നാലെ നടന്ന് തന്നെ ശല്യപ്പെടുത്തുമായിരുന്നുവെന്നും സാം പറഞ്ഞു. മനഃപാഠമാക്കിയത് പോലുള്ള മറുപടിയാണ് സാം പൊലീസിന്റെ ചോദ്യങ്ങൾക്ക് നൽകിയത്.
ജെസിയെ കൊലപ്പെടുത്താൻ നേരത്തെ തന്നെ സാം തീരുമാനിച്ചിരുന്നു. അതിന് അനുകൂലമായ സാഹചര്യമുണ്ടായപ്പോൾ കൊല നടത്തിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്ലസ്വണ്ണിന് പഠിക്കുന്ന കാലത്താണ് ജെസി ആദ്യമായി സാമിനെ കണ്ടത്. സാമിന്റെ പ്രണയാഭ്യർഥനയോടെയാണ് ആ ബന്ധം ശക്തമായത്. ജെസിയുടെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. 1994ൽ ബംഗളൂരുവിലെ വിവേക് നഗറിൽ വച്ചായിരുന്നു ഇരുവരും മാത്രമായ വിവാഹച്ചടങ്ങ് നടന്നത്.
താലികെട്ടിയതല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യുകയോ മറ്റ് നടപടികൾ പൂർത്തിയാക്കുകയോ ചെയ്തില്ല. ഈ സമയം മുൻബന്ധത്തിൽ സാമിന് ഒരുകുട്ടിയുണ്ടായിരുന്നു. വിവാഹശേഷം ആ കുട്ടിയെയും ജെസി സ്വന്തം പോലെ വളർത്തി. പിന്നീട് ഇവർക്ക് രണ്ടുകുട്ടികൾ കൂടി ജനിച്ചു. എന്നാൽ, മറ്റ് സ്ത്രീകളുമായി സാമിന്റെ ബന്ധം ജെസി അറിഞ്ഞതോടെയാണ് ദാമ്പത്യബന്ധം ഉലഞ്ഞത്. 2005 വരെ കുടുംബം സൗദിയിലെ ജിദ്ദയിൽ ആയിരുന്നു. കുടുംബ പ്രശ്നങ്ങളൊന്നും മറ്റുള്ളവരെ അറിയിക്കുന്ന സ്വഭാവം ജെസിക്ക് ഇല്ലാതിരുന്നതിനാൽ ഇത്തരം തർക്കങ്ങൾ ആരും അറിഞ്ഞിരുന്നില്ല. 2005ൽ ജെസി നാട്ടിൽ കാണക്കാരിയിലേക്ക് വന്നെങ്കിലും സാം വിദേശത്ത് തുടർന്നു.
സ്വന്തംവീട്ടിൽനിന്ന് ലഭിച്ച പണം കൊണ്ടാണ് ജെസി കാണക്കാരിയിൽ 20 സെന്റ് സ്ഥലവും വീടും 2005ൽ വാങ്ങുന്നത്. ഈ വീട് പുതുക്കിപ്പണിയാൻ പിന്നീട് ഒരുകോടിയിലേറെ രൂപ ചെലവായി. തനിക്ക് ജോലിയുള്ളതിനാൽ വായ്പ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സാം ഈസ്ഥലം സ്വന്തം പേരിൽ രജിസ്ട്രേഷൻ നടത്തി. വിവാഹസമയത്ത് ജെസിയുടെ പക്കലുണ്ടായിരുന്ന സ്വർണാഭരണങ്ങളും ജിദ്ദയിൽ കെ.ജി സ്കൂൾ നടത്തുന്നതിൽനിന്ന് ജെസിക്ക് ഓരോ മാസവും ലഭിച്ചിരുന്ന വരുമാനവും സാമാണ് കൈകാര്യം ചെയ്തിരുന്നത്.
കുടുംബപ്രശ്നങ്ങൾ രൂക്ഷമായതോടെ 2015ൽ തനിക്കും ഇളയമകനും സംരക്ഷണവും ജീവനാംശവും ആവശ്യപ്പെട്ട് ജെസി പാലാ കോടതിയിലെത്തി. സാം ഓരോ മാസവും 5000 രൂപ വീതം ഇരുവർക്കും നൽകാൻ കോടതി വിധിച്ചു. മൂന്ന് വർഷം കഴിഞ്ഞപ്പോൾ മകൻ പ്രായപൂർത്തിയായി. ഇരുവർക്കുമുള്ള ജീവനാംശം കുറച്ചുമാത്രം നൽകി. തനിക്ക് ലഭിക്കാനുള്ള 3.10 ലക്ഷം രൂപക്കായി ജെസി കോടതിയെ സമീപിച്ചു.
പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കാൻ കോടതിയും ശ്രമിച്ചിരുന്നു. ഇരുവരെയും ഒരുവീട്ടിൽ താമസിപ്പിക്കാം എന്ന ലക്ഷ്യത്തോടെ കോടതിയാണ് വീടിന്റെ ഒന്നാം നിലയിലേക്ക് സാമിന് പ്രവേശിക്കാനായി വീടിനുപുറത്തുകൂടി ഗോവണി എന്ന നിർദേശംവെച്ചത്. അങ്ങനെ താമസിച്ച് വരവെ വിദേശവനിതയെ സാം വീട്ടിലേക്ക് കൊണ്ടുവന്നതാണ് ഏറ്റവുമൊടുവിൽ വിഷയമായതും, ജെസി അത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

