മാലമോഷണ ‘നാടകം’ നടത്തി ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും കൂട്ടാളികളും അറസ്റ്റിൽ
text_fieldsബംഗളൂരു: മാല മോഷണത്തിനിടെ നടന്ന കൊലപാതകം ഭാര്യയുടെ ആസൂത്രണമെന്ന് തെളിയിച്ച് പൊലീസ്. യുവതിയും കൂട്ടാളികളായ മൂന്നുപേരും അറസ്റ്റിൽ. ദേവനൂർ ഗ്രാമപഞ്ചായത്തിൽ കമ്പ്യൂട്ടർ ഓപറേറ്ററായിരുന്ന രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സംഗീത (34), സംഗീതയുടെ സഹോദരൻ സഞ്ജയ് (18), നഞ്ചൻഗുഡ് ടൗണിലെ രാമസ്വാമി ലേഔട്ടിൽ താമസിക്കുന്ന വിഘ്നേഷ് (20), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത്: ഒക്ടോബർ 26ന് വൈകീട്ട് ഹദിനാരു ഗ്രാമത്തിൽ താമസിക്കുന്ന രാജേന്ദ്ര സംഗീതയുമൊത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഹണ്ടുവിനഹള്ളി ലേഔട്ട് റോഡിൽ കുറുകെ വെളുത്ത കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ട് സ്കൂട്ടർ നിർത്തി.
ഉടൻ കാറിലുണ്ടായിരുന്ന അജ്ഞാതൻ സ്കൂട്ടർ തള്ളിയിട്ടു. രാജേന്ദ്രനും സംഗീതയും റോഡിലേക്ക് വീണു. തുടർന്ന് അജ്ഞാതൻ രാജേന്ദ്രനുമായി വഴക്കുണ്ടാക്കി. ഇതിനിടെ കാറിലുണ്ടായിരുന്ന മറ്റൊരാൾ സംഗീതയുടെ അടുത്തെത്തി കഴുത്തിലെ സ്വർണമാല തട്ടിയെടുക്കാൻ ശ്രമിച്ചു. രാജേന്ദ്രൻ തടയാൻ ശ്രമിച്ചപ്പോൾ അജ്ഞാതൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് രാജേന്ദ്രനെ കുത്തി. റോഡിൽ മറ്റൊരു വാഹനം വന്നതോടെ സംഘം കാറെടുത്ത് കടന്നുകളയുകയായിരുന്നു.
നഞ്ചൻഗുഡ് ടൗൺ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഗീതയുടെ സഹോദരൻ കൊലപാതക സംഘത്തിലുണ്ടായിരുന്നതായി വ്യക്തമായത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ രാജേന്ദ്രനെ ഇല്ലാതാക്കാനുള്ള സംഗീതയുടെ പദ്ധതി ആയിരുന്നു ഇതെന്ന് വ്യക്തമായി. പൊലീസ് സൂപ്രണ്ട് എൻ. വിഷ്ണുവർധന, അഡി. എസ്.പിമാരായ സി. മല്ലിക്, നാഗേഷ്, ഡിവൈ.എസ്.പി രഘു, ഇൻസ്പെക്ടർ രവീന്ദ്ര, സബ് ഇൻസ്പെക്ടർമാരായ കൃഷ്ണകാന്ത് കോലി, മഞ്ജുനാഥ്, എ.എസ്.ഐ ദേവരാജയ്യ, ജീവനക്കാരായ കൃഷ്ണ, ശിവകുമാർ, തിമ്മയ്യ, മഹേഷ്, ചേതൻ, നവീൻ കുമാർ, പീരപ്പ ഹാദിമുനി, സരിത സോൾ, രവികുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

