വധശ്രമക്കേസ് പ്രതിയെ മൽപ്പിടിത്തത്തിലൂടെ കീഴടക്കി
text_fieldsലിജീഷ്
നേമം: വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ നേമം സി.ഐയും സംഘവും മൽപ്പിടിത്തത്തിലൂടെ കീഴടക്കി. നേമം പൊന്നുമംഗലം തോട്ടുവരമ്പത്ത് പനമൂട്ടിൽ വീട്ടിൽ ലിജീഷ് (35) ആണ് പിടിയിലായത്.
കാരയ്ക്കാമണ്ഡപം ലതാ നഗർ താന്നിവിള പുത്തൻവീട്ടിൽ സുരേഷിനെ (36) ഒരു വർഷം മുമ്പ് ലിജീഷ് ഉൾപ്പെട്ട നാലംഗ സംഘം കുരുമി ഭാഗത്തുവച്ച് വധിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിനുശേഷം വണ്ടിത്തടം ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അബദ്ധത്തിൽ സി.ഐയും സംഘവും സഞ്ചരിച്ചിരുന്ന ജീപ്പിന് മുന്നിൽ പെടുകയായിരുന്നു. വധശ്രമ കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞ സി.ഐ പ്രതിയുടെ ബൈക്കിന്‍റെ താക്കോൽ ഊരി വാങ്ങുകയും ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിലൂടെ കീഴടക്കുകയുമായിരുന്നു.
ലിജീഷിനെതിരെ മ്യൂസിയം, തിരുവല്ലം സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ പെട്ട ഒരാൾകൂടി ഇനി പിടിയിലാകാനുണ്ട്. നേമം സി.ഐ രഗീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രസാദ്, എ.എസ്.ഐമാരായ ബിനു, ശ്രീകുമാർ സി.പി.ഒ ഗിരി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.