വയോധികനെ തലക്കടിച്ചുകൊല്ലാൻ ശ്രമം; പ്രതി പിടിയിൽ
text_fieldsപ്രതി ഹരീഷ് ബാബു
മുക്കം: പട്ടാപ്പകൽ വയോധികനെ കമ്പികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കുമാരനെല്ലൂർ ചോലയിൽ തൊടിക വിജയനെ (63) ആക്രമിച്ച കേസിലാണ് ടാർസൻ എന്നറിയപ്പെടുന്ന വടക്കേ കുന്നത്ത് ഹരീഷ് ബാബുവിനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്.
കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂരിൽ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. പാലക്കടവത്ത് വീട്ടുമുറ്റത്ത് ഗോതമ്പ് ഉണക്കുകയായിരുന്ന വയോധികനെ പിന്നിലൂടെവന്ന് പ്രതി കമ്പികൊണ്ട് തലക്കടിക്കുകയായിരുന്നു.
വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണ് ഇയാൾ രക്ഷപ്പെട്ടത്. തലക്ക് ഗുരുതരമായി പരിക്കേറ്റ വിജയൻ ചികിത്സയിലാണ്. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽതന്നെ മുക്കം പൊലീസ് പ്രതിയെ പിടികൂടി. ഇയാൾ കഴിഞ്ഞ വർഷം അയൽവാസിയുടെ വീടിെൻറ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണം കളവുചെയ്ത കേസിലും പ്രതിയാണ്.
മുക്കം എസ്.ഐ സജിത്ത് സജീവ്, സിവിൽ പൊലീസ് ഓഫിസർമാരായ ഷെഫീഖ് നീലിയാനിക്കൽ, പ്രശാന്ത്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

