കല്യാണവീട്ടിലുണ്ടായ സംഘർഷം; കൊലപാതകശ്രമ കേസില്‍ മുഖ്യപ്രതി പിടിയിൽ
text_fieldsഅറസ്റ്റിലായ നാദിർഷ
ആലുവ: വിവാഹത്തലേന്ന് കല്യാണവീട്ടിലുണ്ടായ സംഘർഷത്തെതുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. എടത്തല കണിയാംവേലി നാദിർഷയാണ് (29) പിടിയിലായത്. രണ്ടാംപ്രതി എടത്തല കുമരംതറയിൽ ബിജു മാത്യുവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ജിതിൻ എന്ന യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂലൈയിലാണ് സംഭവം. മുള്ളൻകുഴിയിലുള്ള കല്യാണവീട്ടിലാണ് വാക്തർക്കത്തെതുടർന്ന് സംഘർഷം ആരംഭിച്ചത്. വീട്ടുകാർ ഇടപെട്ട് പറഞ്ഞുതീർത്തെങ്കിലും വഴിയിൽെവച്ച് യുവാവിനെ രണ്ടുപേരും ചേർന്ന് കുത്തിവീഴ്ത്തുകയായിരുന്നു.
ബിജുവിനെ പിറ്റേന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന നാദിർഷയെ പ്രത്യേക അന്വേഷണസംഘം കോഴിക്കോട്ടുനിന്നാണ് പിടികൂടിയത്. ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐ ആർ. വിനോദ്, എ.എസ്.ഐമാരായ ശ്രീകുമാർ, ഇക്ബാൽ, എസ്.സി.പി.ഒ സജീവ്, സി.പി.ഒമാരായ മാഹിൻഷാ, അബൂബക്കർ, അമീർ, ഹാരിസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.