നിലവിളി കേട്ട് ടോയ്‍ലറ്റിലേക്ക് പോയപ്പോൾ കഴുത്തറുത്ത നിലയിൽ സ്ത്രീയുടെ മൃതദേഹം; ഛണ്ഡീഗഢിലെ റോസ് ഗാർഡനിൽ കൊലപാതകം?
text_fieldsഛണ്ഡീഗഢിലെ പൊതുയിടമാണ് റോസ് ഗാർഡൻ. ഛണ്ഡീഗഢ് സെക്ടറിലെ 16ലാണ് റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഇടം. ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതകളുടെ ടോയ്‍ലറ്റിലേക്ക് കയറിയ സ്ത്രീ പേടിച്ചരണ്ട് ബഹളം വെച്ചു. റോസ് ഗാർഡന്റെ കവാടത്തിലുണ്ടായിരുന്ന ട്രാഫിക് പൊലീസിനൊപ്പം അകത്തു കടന്നപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചക്ക് അവർ സാക്ഷ്യം വഹിച്ചത്. കഴുത്തറുത്ത നിലയിലുള്ള ഒരു സ്ത്രീയുടെ മൃതദേഹമാണ് അവർ കണ്ടത്.
നിലവിളി കേട്ടാണ് സമീപത്തുണ്ടായിരുന്ന സ്ത്രീയോട് അകത്തേക്ക് നോക്കാൻ വഴിയാത്രക്കാർ ആവശ്യപ്പെട്ടത്. രക്തത്തിൽ കുളിച്ച് നിലത്ത് അനങ്ങാതെ കിടക്കുന്ന സ്ത്രീയെയാണ് അവർ കണ്ടത്. കത്തി കൊണ്ടുണ്ടായ ഒരു മുറിവ് അവരുടെ കഴുത്തിൽ ഉണ്ടായിരുന്നു. നിലത്തു കിടന്ന സ്ത്രീക്ക് ശ്വസമുണ്ടായിരുന്നു അപ്പോഴും. എന്നാൽ ആശുപത്രിയിലെത്തിക്കും മുമ്പേ അവർ മരിച്ചു.
മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 30കാരിയായ ദിക്ഷ താക്കൂർ ആണ് കൊല്ലപ്പെട്ടത്. ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട അപേക്ഷാ ഫോം ഉൾപ്പെടെ അവരുടെ പക്കൽ നിന്ന് കണ്ടെത്തിയ രേഖകൾ വഴിയാണ് ആളെ തിരിച്ചറിഞ്ഞത്. ഉത്തർപ്രദേശിലെ സഹറൻപൂർ സ്വദേശിയാണ് ദിക്ഷ എന്ന് പൊലീസ് പറഞ്ഞു. ഒരുവർഷം മുമ്പാണ് അവർ വിവാഹമോചിതയായത്. മൂന്നു വയസുള്ള മകനുണ്ട് അവർക്ക്. നാലുമാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ദിക്ഷ. ചണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ, ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായും അവർ ജോലി നോക്കിയിരുന്നു.
ആങ്സൈറ്റി അടക്കമുള്ള ആരോഗ്യ കാരണങ്ങളെ തുടർന്ന് മൂന്നാഴ്ചയായി മെഡിക്കൽ ലീവായിരുന്നു ദിക്ഷ. ഹരിയാനയിലെ ഒരു ആശുപത്രിയിലും അവർ ചികിത്സ തേടിയിരുന്നു. ശനിയാഴ്ചയാണ് ലീവ് കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. സുഖമില്ലെന്ന് പറഞ്ഞ് ഓഫിസിൽ നിന്ന് നേരത്തേ ഇറങ്ങുകയും ചെയ്തു. കുറച്ചുസമയം റോസ് ഗാർഡനിൽ ചെലവഴിച്ചതായും പൊലീസ് കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അവരുടെ കോൾ റെക്കോർഡുകളും വിശകലനം ചെയ്യുന്നുണ്ട്. ശനിയാഴ്ച ടോയ്‍ലറ്റിനു പുറത്തുണ്ടാകാറുണ്ടായിരുന്ന ജീവനക്കാർ അവധിയിലായിരുന്നു. അതിനാൽ എന്താണ് അവിടെ നടന്നതെന്ന് അറിയാനും സാധിച്ചിട്ടില്ല.
ദിക്ഷയുടെ മൃതദേഹത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും കണ്ടെടുത്തിട്ടുണ്ട്. കൊലപാതകമാണോ അതോ ആത്മഹത്യയാണോ നടന്നത് എന്ന അന്വേഷണത്തിലാണ് ഫോറൻസിക് വിദഗ്ധർ. ദിക്ഷയുടെ ബാഗിൽ നിന്ന് ഡിപ്രഷന് കഴിക്കുന്ന മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ടോയ്‍ലറ്റിന്റെ പരിസരം സീൽ ചെയ്ത് വെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

