40 വർഷം മുമ്പ് നടന്ന കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പിടികൂടി
text_fieldsകോഴിക്കോട്: 40 വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതിയെ പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വെളിയം പടിഞ്ഞാറ്റിൻകര സ്വദേശി ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി മോഹനൻ പിള്ളയാണ് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലാകുന്നത്.
1987 ജനുവരി 11-ന് വൈകിട്ട് ആറിനായിരുന്നു കൊലപാതകം നടന്നത്. കൃത്യം നടക്കുമ്പോൾ 25 വയസ്സുണ്ടായിരുന്ന വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ മോഹനൻ പിള്ള, സഹോദരിയുടെ ഭർത്താവായ ചന്ദ്രശേഖരൻ പിള്ളയെ വെട്ടുകയായിരുന്നു. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയ മോഹനൻ പിള്ള, ചന്ദ്രശേഖരൻ പിള്ളയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ മൂന്നോളം വെട്ടുകളേൽപ്പിച്ച ശേഷം മരണം ഉറപ്പാക്കിയാണ് പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
കൊലപാതകത്തിന് ശേഷം ആദ്യം വേളാങ്കണ്ണിയിലേക്ക് കടന്ന പ്രതി അവിടെ ഒളിവിൽ കഴിഞ്ഞു. പിന്നീട് കോട്ടയം കല്ലറ എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇവിടെ മറ്റൊരു പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. തുടർന്ന് ഇവിടെ വിവാഹം കഴിക്കുകയും കുടുംബമായി താമസിച്ചുവരികയുമായിരുന്നു.
അസുഖം ബാധിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതി ചികിത്സ തേടിയിരുന്നു. ഇവിടെവെച്ച് വെളിയം സ്വദേശിയായ ഒരാളെ പ്രതി അപ്രതീക്ഷിതമായി കണ്ടുമുട്ടി. തുടർന്ന് നാട്ടിലെ ചില കാര്യങ്ങളെക്കുറിച്ച് ഇയാൾ അന്വേഷിച്ചത് കേസിൽ നിർണ്ണായക വഴിത്തിരിവായി. വിവരമറിഞ്ഞ പൂച്ചാക്കൽ പൊലീസ് കേസ് അന്വേഷണം വീണ്ടും ഊർജ്ജിതമാക്കി. പ്രതിയുടെ ബന്ധുക്കളെയും മറ്റും കണ്ട് രഹസ്യമായി വിവരങ്ങൾ ശേഖരിച്ചു. ഒടുവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ച് പ്രതിയുമായി സംസാരിച്ചയാളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

