കൊലപാതകത്തിന്റെ ഞെട്ടലിൽ കനകക്കുന്ന് ഗ്രാമം
text_fieldsആറാട്ടുപുഴ: തങ്കമ്മയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കനകക്കുന്ന് ഗ്രാമം. തിങ്കളാഴ്ച രാവിലെ 11 കഴിഞ്ഞിട്ടും തങ്കമ്മയെ പുറത്തുകാണാതിരുന്നപ്പോഴാണ് അയൽവാസികൾക്ക് സംശയം തോന്നിയത്. ചിരിച്ച മുഖത്തോടെ, ആഭരണങ്ങൾ ധരിച്ച് വീട്ടിലും പരിസരത്തും എപ്പോഴും ഉണ്ടാകാറുള്ള തങ്കമ്മച്ചിയുടെ അസാന്നിധ്യം നാട്ടുകാർക്ക് പെട്ടെന്ന് തിരിച്ചറിയാമായിരുന്നു.
വീട്ടിൽ ഒറ്റക്കായിരുന്നിട്ടും അതിന്റെ വിരസതയൊന്നും കാട്ടാതെ, സമയം കിട്ടുമ്പോഴൊക്കെ അയൽവീടുകളിലും തൊട്ടടുത്ത കടവിലുമെത്തി ആളുകളോട് കുശലം പറയുന്ന പ്രകൃതക്കാരിയായിരുന്നു മുതുകുളം തെക്ക് സാധുപുരത്ത് തെക്കതിൽ തങ്കമ്മ (80). നാട്ടുകാർക്കെല്ലാം അവർ അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു. തിങ്കളാഴ്ച കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ കനകക്കുന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവരുന്നത്. പ്രദേശത്ത് ആദ്യമായeണ് ഇങ്ങനെയൊരു ദാരുണ സംഭവം എന്നതിനാൽ കനകക്കുന്ന് ഗ്രാമം ഇപ്പോഴും ആ ഞെട്ടലിൽനിന്ന് മുക്തമായിട്ടില്ല.
പ്രതികൾ പശ്ചാത്തലം അറിയാവുന്നവർ; പൊലീസിനെ കുഴക്കി ആഭരണങ്ങൾ
തങ്കമ്മയുടെ ദിനചര്യകളും അവർ എപ്പോഴും സ്വർണാഭരണങ്ങൾ ധരിക്കാറുള്ള വിവരവും വ്യക്തമായി അറിയാവുന്ന ആരോ ആണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യഘട്ട അന്വേഷണവും നാട്ടുകാരെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. പലരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മൃതദേഹത്തിൽ കിടന്നിരുന്ന വളകൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും കാതിലുണ്ടായിരുന്ന കമ്മൽ പ്രതികൾ തൊട്ടിട്ടില്ല. കൂടാതെ രണ്ടര പവനോളം തൂക്കംവരുന്ന മാല വീട്ടിനുള്ളിൽതന്നെ സുരക്ഷിതമായി കണ്ടെത്തുകയുംചെയ്തു. അതുകൊണ്ടുതന്നെ ഇത് കേവലം മോഷണം മാത്രമാണോ അതോ മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രദേശത്ത് ലഹരിസംഘങ്ങൾ വ്യാപകമായതിനാൽ ആ കോണും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്തടുത്ത് വീടുകളുള്ള ഉൾഗ്രാമമായ കനകക്കുന്നിൽ പുറത്തുനിന്ന് ഒരാൾക്ക് എത്തി കൃത്യം നിർവഹിച്ചുപോകാൻ ഏറെ പ്രയാസമാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഈ പ്രദേശവുമായി ഏറെ അടുപ്പമുള്ള ആളുകൾതന്നെയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് കണക്കുകൂട്ടൽ.
മൃതദേഹം കായലിൽ താഴ്ത്തിയത് ചെങ്കല്ല് കെട്ടി?
ക്രൂരമായ രീതിയിലാണ് വയോധികയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഇത് കുടുംബത്തിന്റെയും നാട്ടുകാരുടെ സങ്കടം ഇരട്ടിയാക്കുന്നു. കായലിനോട് ചേർന്നുനിൽക്കുന്നതാണ് തങ്കമ്മയുടെ വീട്. കൊലപാതകശേഷം പ്രതികൾ മൃതദേഹം വീടിന്റെ പിന്നിലെത്തിച്ച്, വള്ളത്തിൽ കയറ്റി കായലിൽ കൊണ്ടുപോയി കെട്ടിത്താഴ്ത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. വീടിന് പിന്നിലെ കായലോരത്ത് കെട്ടിയിരുന്ന ചെങ്കല്ല് ഇളകിമാറിയ നിലയിലാണ്. ഈ കല്ലുപയോഗിച്ചാണ് മൃതദേഹം താഴ്ത്തിയതെന്നാണ് കരുതുന്നത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കനകക്കുന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

