ബലാത്സംഗ കേസിൽ മുനക്കകടവ് സ്വദേശിക്ക് 27 വർഷം കഠിനതടവ്
text_fieldsകോടതി ശിക്ഷിച്ച ജലീൽ
ചാവക്കാട്: അയൽവാസിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മുനക്കകടവ് സ്വദേശിക്ക് 27വർഷത്തെ കഠിനതടവും 2.10 ലക്ഷം പിഴയും. കടപ്പുറം വില്ലേജ് മുനക്കക്കടവ് പൊക്കാക്കില്ലത്തു വീട്ടിൽ ജലീലിനെയാണ് (40) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.
2013 ആഗസ്റ്റിൽ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത് ഗർഭിണിയാക്കി. വിവാഹം ചെയ്യാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പിന്നീട് ഇയാളുടെ നിർദ്ദേശം പ്രകാരം അബോർഷൻ ചെയ്യിക്കുകയും അതിനു ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. തുടർന്ന് 2014 ഫെബ്രുവരി അഞ്ചിന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ചാവക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇയാളുടെ ബന്ധുക്കൾ ഇടപെട്ട് പെൺകുട്ടിയെ വിവാഹം നടത്തി നൽകുമെന്ന് കരാർ വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു.
ജാമ്യം ലഭിച്ചതിനെ തുടർന്ന് പ്രതി ഇരയെ മുനയ്ക്കക്കടവ് മഹല്ല് ജമാഅത്ത് പള്ളിയിൽ വച്ചു വിവാഹം ചെയ്യുകയും രണ്ട് ദിവസത്തിന് ശേഷം പ്രതി ജലീൽ പെൺകുട്ടിയ ഉപേക്ഷിച്ച് ഗൾഫിലേക്ക് മുങ്ങുകയും ചെയ്തു. പിന്നീട് 2020ൽ തിരിച്ചു വന്നപ്പോഴാണ് കോടതി ശിക്ഷ വിധിച്ചത്. ഇരയെ പ്രതി വിവാഹം കഴിച്ചതിനാൽ ബലാത്സംഗ കുറ്റം നിലനിൽക്കുന്നതല്ലെന്നുമുള്ള പ്രതിയുടെ വാദം തള്ളിയാണ് ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി. ചാവക്കാട് സി.ഐ ആയിരുന്ന കെ.ജി. സുരേഷ്, സിബിച്ചൻ തോമസ് എന്നിവരാണ് കേസിലെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ എസ്. ബൈജുവും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.ബി. ബിജുവുമുണ്ടായിരുന്നു.