മകളുടെ തൊലിപ്പുറത്ത് സ്പർശിച്ചിട്ടില്ലെന്ന പിതാവിന്‍റെ വാദം തള്ളി മുംബൈ പ്രത്യേക കോടതി
text_fieldsമുംബൈ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മകളുടെ തൊലിപ്പുറത്ത് സ്പർശിച്ചിട്ടില്ലെന്ന പിതാവിന്‍റെ വാദം തള്ളി മുംബൈ പ്രത്യേക കോടതി. പെൺകുട്ടിയുടെ രക്ഷാധികാരിയും ശക്തികേന്ദ്രവും പിതാവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിക്ക് അഞ്ച് വർഷം കഠിന തടവ് വിധിച്ചു. പോക്സോ പ്രത്യേക കോടതി ജഡ്ജ് എച്ച്.സി. ഷിൻഡെയുടേതാണ് വിധി.
വിരലുപയോഗിച്ച് പിതാവ് തന്‍റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയില്ലെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി തള്ളി. പ്രതിഭാഗത്തിന്‍റെ പരാമർശം അത്ഭുതകരമാണെന്നും കോടതി വിലയിരുത്തി.
പോക്സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം നൽകിയിരിക്കുന്ന നിർവചനത്തിൽ പ്രതി ഇരയെ എങ്ങനെയാണ് സ്പർശിക്കേണ്ടത് എന്നത് സംബന്ധിച്ച വിശദീകരണം നൽകിയിട്ടില്ല. എങ്ങനെയൊക്കെ സ്പർശിക്കുന്നതാണ് കുറ്റമാകുകയെന്നും വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിലെ പ്രതി കുട്ടിയുടെ പിതാവാണെന്നിരിക്കെ ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹരജിക്ക് പ്രാധാന്യമില്ലെന്നും കോടതി പറഞ്ഞു.
പിതാവ് പെൺകുട്ടിയുടെ രക്ഷാധികാരിയും ശക്തികേന്ദ്രവുമാണ്. അതിനാൽ തന്നെ പിതാവിൽ നിന്നുമുണ്ടായ കുറ്റം തീവ്രതയേറിയതാണ്. കേസിൽ നിയമം അനുശാസിക്കുന്നതിലും ചെറിയ ശിക്ഷ നൽകാൻ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ പെൺകുട്ടി വിചത്രമായി പെരുമാറുന്നത് ശ്രദ്ധയിൽപെട്ട ടീച്ചർ നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തറിയുന്നത്. അധ്യാപിക ഉടൻ തന്നെ മാതാവിനെ വിവരമറിയിക്കുകയും പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഭാര്യ കേസ് കെട്ടിച്ചമച്ചതാണെന്നും, തന്നിൽനിന്നും അകന്നുകഴിയാൻ വേണ്ടി വ്യാജ പരാതി നൽകിയതാണെന്നും ചൂണ്ടിക്കാട്ടി പിതാവ് രംഗത്തെത്തിയിരുന്നു. എന്നാൽ, പെൺകുട്ടി മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയുടെ വാദം തള്ളി. ലൈംഗികമായി ഉപദ്രവിച്ച ശേഷം സംഭവം പുറത്തുപറഞ്ഞാൽ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

