മുക്കടവ് കൊലപാതകം; പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടിസ്
text_fieldsഅനികുട്ടൻ
പുനലൂർ: മുക്കടവ് ആളുകേറാമലയിലെ അജ്ഞാത മൃതദേഹം കണ്ടെത്തിയ കൊലക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു. ഇയാളെ കണ്ടെത്താൻ അന്വേഷണ സംഘം വ്യാഴാഴ്ച ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. ആലപ്പുഴ ചാരുംമൂടിന് സമീപം വേടർപച്ച സ്വദേശി അനികുട്ടനെ(പാപ്പർ-45) ആണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതിയെ കിട്ടിയാൽ മാത്രമേ കൊല്ലപ്പെട്ടത് ആരെന്ന് വ്യക്തമാകൂ.
മൃതദേഹം കണ്ടെത്തിയതിന് സമീപം വെട്ടിത്തിട്ടയിലെ പെട്രോൾ പമ്പിൽനിന്നുള്ള ഇയാളുടെ സി.സി.ടി.വി ദൃശ്യം ഒരു മാസം മുമ്പ് പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിന് ശേഷവും പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ, ഇയാളുടെ ആധാർ രേഖകൾ ഉൾപ്പെടെ മറ്റ് വിവരങ്ങൾ പൊലീസിന് ലഭിച്ചു. നാടുവിട്ട് പോയതാകാമെന്ന സംശയത്തിൽ തെരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഇയാൾ ടൈൽസ് തൊഴിലാളിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇരു നിറം, മെലിഞ്ഞ ശരീരം, കറുപ്പ്, കാവി കളർ ഷർട്ടും ലുങ്കിയുമാണ് സാധാരണ വേഷം. കാലിൽ പൊള്ളലേറ്റ മുറിവ് ഉണങ്ങിയ പാടുണ്ട്. ഷോൾഡർ ബാഗും കയ്യിൽ സൂക്ഷിക്കാറുണ്ട്. ഇടത് കാലിന് സ്വാധീനമില്ലാത്ത അജ്ഞാതനായ മധ്യവയസ്കന്റെ ഒരാഴ്ച പഴക്കമുള്ള മൃതദേഹം മരത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സെപ്റ്റംബർ 23നാണ് മുക്കടവിൽ കണ്ടത്. മൃതദേഹത്തിന്റെ ഇടത് നെഞ്ചിൽ ആഴത്തിലുള്ള മുറിവും മുഖം ഉൾപ്പെടെ ശരീരഭാഗം ആസിഡ് ഒഴിച്ചു ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
സെപ്റ്റംബർ 17ന് വൈകിട്ട് 3.18ന് കന്നാസുമായി അനികുട്ടൻ പമ്പിൽ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കൊല നടന്ന് മൂന്ന് മാസമായിട്ടും കൊല്ലപ്പെട്ട ആളിനെ തിരിച്ചറിയാത്തതിനിടയിലാണ് പ്രതിയെന്ന് സംശയിക്കുന്ന ആളെ പൊലീസ് അന്വേഷിക്കുന്നത്. പെട്രോൾ ശേഖരിച്ച ഒഴിഞ്ഞ കന്നാസ് മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇതാണ് അനികുട്ടനിലേക്ക് അന്വേഷണം എത്തിച്ചത്. മരിച്ച ആളിനെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തി. കൂടാതെ, പ്രത്യേക സംഘം തമിഴ്നാട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തി.
പൊലീസ് പുറത്തുവിട്ട ചിത്രത്തിൽ ഉള്ള ആളിനെ തിരിച്ചറിയുന്നവർ അറിയിക്കണമെന്ന് പുനലൂർ എസ്.എച്ച്. ഒ എസ്.വി. ജയശങ്കർ അറിയിച്ചു. ഇൻസ്പെക്ടർ: 9497987038, സബ് ഇൻസ്പെക്ടർ: 9497980205, പൊലീസ് സ്റ്റേഷൻ: 0475 2222700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

