അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന് മൃതദേഹം പാടത്ത് ഉപേക്ഷിച്ചു; മകൻ അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട ദിനേശൻ
ആലപ്പുഴ: പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. പുന്നപ്ര സ്വദേശി ദിനേശൻ (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്.
മൃതദേഹം ആദ്യംകണ്ട നാട്ടുകാർ, ദിനേശൻ മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിലായിരുന്നു. എന്നാൽ ഉച്ചയായിട്ടും ഇയാൾ എഴുന്നേൽക്കാതിരുന്നതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മദ്യപിച്ച് കുഴഞ്ഞുവീണ് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണമാണ് കിരണിലേക്കെത്തിയത്.
കിരണിന്റെ അമ്മയുമായി സൗഹൃദമുണ്ടായിരുന്ന ദിനേശൻ, രാത്രി വീട്ടിലെത്തിയപ്പോൾ ഷോക്കടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതിന് കിരണിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ കിരണിന്റെ അമ്മയേയും പ്രതി ചേർത്തിട്ടുണ്ട്. പ്രതിക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാർ പ്രതികരിച്ചു.
അമ്മയുമായുള്ള അടുപ്പം നേരിൽ കണ്ട കിരൺ, ദിനേശനെ ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് കിരൺ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇത് വകവെക്കാതെ ദിനേശൻ വീണ്ടും ബന്ധം തുടർന്നതാണ് മകനെ കൊലപാതകത്തിലേക്ക് നയിച്ചത്. ദിനേശൻ വരുന്ന വഴിയിൽ ലൈൻ കമ്പിയിട്ട് ഷോക്ക് വെച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഷോക്കേറ്റ് മരിച്ച ദിനേശനെ അച്ഛനും മകനും ചേർന്ന് പാടശേഖരത്തിൽ കൊണ്ടിടുകയായിരുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

