ഇനി ആ അമ്മ ക്ഷമിക്കില്ല; വയോധികയെ മർദിച്ച കേസിൽ മകൻ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: ക്രൂരമായ മർദനത്തിനൊടുവിൽ വേദനകൊണ്ടു പുളയുമ്പോളും നൊന്തുപെറ്റ മകനെന്ന പരിഗണന നൽകി ആ അമ്മ ഇത്രയും കാലം ക്ഷമിച്ചു. ഇനി ക്ഷമിക്കില്ലെന്ന് കരുതാം. അമ്മയുടെ വാക്ക് മാറാതിരിക്കാൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
മകൻ രഞ്ജിത്തിൽ (40) നിന്ന് മുമ്പ് പലതവണ ക്രൂരമായ മർദനത്തിന് ഇരയാകുമ്പോഴും റാന്നി അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം കോലിഞ്ചിപ്പതാലിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രാധാമണി (61) മണിക്കൂറുകൾക്കകം അതെല്ലാം ക്ഷമിച്ചിരുന്നു. പെരുന്നാട് പൊലീസിന് മുന്നിൽ പലപ്രാവശ്യവും പരാതിയായി എത്തുമ്പോഴും മകനെ നിയമനടപടികളിൽ കുരുക്കാൻ ആ അമ്മ അഗ്രഹിച്ചിരുന്നില്ല. നിയനടപടികളിലേക്ക് കടക്കുമ്പോൾ മകനുവേണ്ടി ക്ഷമ ചോദിച്ച് ഇനി അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പ്നൽകി മകനെയും കൂട്ടി വൃദ്ധമാതാവ് സ്റ്റേഷനിൽ നിന്ന് പോകാറുണ്ടായിരുന്നെന്ന് പെരുന്നാട് സി.ഐ യു.രാജീവ് കുമാർ പറയുന്നു.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കുശേഷം വീടിന്റെ മുറ്റത്ത് പാത്രം കഴുകിക്കൊണ്ടിരുന്ന രാധാമണിയെ രഞ്ജിത്ത് ക്രൂരമായി മർദിക്കുകയായിരുന്നു. കൈകൾ കൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച ഇയാൾ ശ്വാസം മുട്ടിക്കുകയും, തൊഴിക്കുകയും, നെഞ്ചിൽ പിടിച്ചമർത്തുകയും ചെയ്തതായി അമ്മയുടെ മൊഴിയിൽ പറയുന്നു. വേദനയിൽ പുളഞ്ഞ് അവർ സ്റ്റേഷനിൽ എത്തി. മകന്‍റെ മർദനം തുടരുന്നത് ഇങ്ങനെ അംഗീകരിക്കരുതെന്നും നിയമസഹായം ഉറപ്പാണെന്നും മണിക്കൂറുകൾ സംസാരിച്ച് ആ അമ്മയെ പൊലീസ് ബോധ്യപ്പെടുത്തി. മന:പ്പൂർവമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്ത് രഞ്ജിത്തിനെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കി ശനിയാഴ്ച തന്നെ റിമാന്‍റ് ചെയ്തു.
എസ്.ഐ രവീന്ദ്രൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ കൊച്ചുകുളത്തുനിന്നാണ് പിടികൂടിയത്. രാധാമണിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലീസ് 164 സി.ആർ.പി.സി പ്രകാരം മൊഴിയെടുക്കുന്നതിന് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. മദ്യപാനിയായ രഞ്ജിത്തിനെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. പുനർവിവാഹവുമായി ബന്ധപ്പെട്ട് തർക്കത്തിലും ഇയാൾ അമ്മയെ മർദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

