അമ്മയും രണ്ട് മക്കളും മരിച്ചനിലയിൽ; ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് ഗുരുതരാവസ്ഥയിൽ
text_fieldsകൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. ജീവനൊടുക്കാൻ ശ്രമിച്ച ഗൃഹനാഥൻ ഗുരുതരാവസ്ഥയിലാണ്. കൂട്ട ആത്മഹത്യയാണോ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കടവന്ത്രക്കടുത്ത് മട്ടുമ്മൽ അമ്പലത്തിന് സമീപം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൂക്കളുടെ ഹോൾസെയിൽ വിൽപന നടത്തുന്ന നാരായണന്‍റെ ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരാണ് മരിച്ചത്. കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നാരായണൻ ആശുപത്രിയിൽ ചികിത്സയിലാണ്.
നാരായണന് സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കള്‍ക്ക് നാരായണന്‍ പുതുവത്സരദിനാശംസ സന്ദേശം അയച്ചിരുന്നു. പിന്നാലെ 'സോറി' എന്നും സന്ദേശമയച്ചതായി സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.