കൊലപാതകശ്രമക്കേസില്‍ അമ്മയും മകനും അറസ്റ്റില്‍
text_fieldsസോളി ബാബു, സാവിയോ ബാബു
കൊച്ചി: ചെരിപ്പുകുത്തിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അമ്മയും മകനും അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ആലുവ കോമ്പാറ സ്വദേശികളായ ഓട്ടോ റാണി എന്ന സോളി ബാബു (43), ഇവരുടെ മകന് സാവിയോ ബാബു (23) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിന് സമീപം ചെരിപ്പുകുത്ത് ജോലി ചെയ്യുന്ന ജോയിയെ (50) ബൈക്കിലെത്തിയ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്ക് അടിക്കുകയും വാക്കത്തിക്ക് വെട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ജനുവരി 24നായിരുന്നു സംഭവം.
സെന്‍ട്രല്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുമ്പ് ജോയിയും സോളിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നു. ജോയി സോളിയുടെ കൈ അടിച്ചൊടിച്ചതിനെത്തുടര്ന്ന് ഇയാളെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 50 ദിവസത്തെ ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ ഇയാളെ വധിക്കാൻ സോളി ക്വട്ടേഷന്‍ നല്‍കിയെങ്കിലും ഫലപ്രദമായില്ല. തുടര്‍ന്നാണ് മകന് അക്രമം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് സെന്‍ട്രല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍ പറഞ്ഞു.