സ്വകാര്യ ദൃശ്യം പുറത്താക്കുമെന്ന് കാമുകൻ: 4 മക്കളുടെ അമ്മയായ ബ്യൂട്ടി പാർലർ ജീവനക്കാരി ജീവനൊടുക്കി
text_fieldsബംഗളൂരു: രണ്ടുലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാമുകൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബ്യൂട്ടി പാർലർ ജീവനക്കാരി ജീവനൊടുക്കി. തുടർച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നാലു കുട്ടികളുടെ അമ്മയായ ചാമുണ്ഡേശ്വരി (35) ജീവനൊടുക്കിയത്.
യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ മുൻ കാമുകനായ ആന്ധ്ര നെല്ലൂർ സ്വദേശി മല്ലികാർജുനെതിരെ പൊലീസ് കേസെടുത്തു. 'നിങ്ങൾ സന്തോഷമായിരിക്കൂ. പക്ഷേ മറ്റു സ്ത്രീകളെ ഒരിക്കലും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്' -എന്ന വിഡിയോ സന്ദേശം മല്ലികാർജുന് വാട്സാപ്പിൽ അയച്ച ശേഷമാണ് ചാമുണ്ഡേശ്വരി ജീവനൊടുക്കിയത്.
കോറമംഗലയിലെ ബ്യൂട്ടി പാർലറിലാണ് യുവതി ജോലി ചെയ്തിരുന്നത്. ഏതാനും മാസം മുൻപ് മല്ലികാർജുനെ പരിചയപ്പെടുകയും ഇരുവരും കൂടുതൽ അടുക്കുകയും ചെയ്തു. ഇതിനിടെ, സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ മല്ലികാർജുൻ ഇത് ചൂണ്ടിക്കാട്ടി പണം ആവശ്യപ്പെടുകയായിരുന്നു. ചെറിയ തുകകൾ ചാമുണ്ഡേശ്വരി നൽകിയെങ്കിലും, അടുത്തിടെ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്മെയിൽ ചെയ്തു. ഇതോടെയാണ് ഇവർ ജീവനൊടുക്കിയത്. പ്രതിക്ക് വേണ്ടി ബെംഗളൂരു പൊലീസ് തിരച്ചിൽ തുടങ്ങി.
നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി ആത്മഹത്യയിൽ കലാശിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പൊലീസ് പറഞ്ഞു. നേരത്തെ, വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ നഗ്നചിത്രങ്ങൾ കാണിച്ച് ഭർത്താവ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ അവർ ആത്മഹത്യ ചെയ്തിരുന്നു. സ്വകാര്യ വിഡിയോകൾ പരസ്യമാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് എച്ച്.ആർ എക്സിക്യൂട്ടീവായ യുവതിയാണ് അപ്പാർട്ട്മെന്റിൽനിന്ന് ചാടി മരിച്ചത്.
നഗ്ന ചിത്രങ്ങൾ പകർത്താൻ അനുവദിക്കരുതെന്ന് പൊലീസ്
ഭാവിയിൽ പ്രശ്‌നം സൃഷ്ടിച്ചേക്കാവുന്ന സ്വകാര്യ സംഭവങ്ങൾ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. "ഇപ്പോൾ പലരും അവർ കാണുന്നതും ചെയ്യുന്നതുമെല്ലാം വിഡിയോ എടുക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് കാണാം. സോഷ്യൽ മീഡിയയിൽ സൗഹൃദം സ്ഥാപിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കണം" -അദ്ദേഹം മുന്നറിയിപ്പ് നൽകി.
നഗ്നചിത്രങ്ങളും സ്വകാര്യനിമിഷങ്ങളും റെക്കോർഡുചെയ്യാൻ അനുവദിക്കരുതെന്നും പൊലീസ് പറഞ്ഞു. 'ഭാവിയിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത്തരം മുൻകരുതൽ സഹായിക്കും. നല്ല കാലത്ത് ചിത്രീകരിച്ച വീഡിയോകൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യാത്തതിന്റെ പേരിൽ പരസ്പരം വഴക്കിടുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. അത്തരം വീഡിയോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ഏറിവരികയാണ്' -പൊലീസ് പറഞ്ഞു.
പൊലീസ് രേഖകൾ പ്രകാരം ഈ വർഷം ജനുവരി 1 മുതൽ സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് 500 ഓളം പേർ ആത്മഹത്യ ചെയ്തു. അവയിൽ 246 എണ്ണത്തിലും ആത്മഹത്യാ പ്രേരണ കേസുകൾ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

