മൂന്നു വയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ മാതാവ് അറസ്റ്റിൽ
text_fieldsകഞ്ചിക്കോട് (പാലക്കാട്): എലപ്പുള്ളി ചുട്ടിപ്പാറയിലെ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഷാന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ മാതാവ് ആസ്യയെ (22) പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ആസ്യ പൊലീസിന് മൊഴി നല്കി. സുഹൃത്തിനൊപ്പം ജീവിക്കാൻ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്നും മൊഴിയിലുണ്ട്. ആസ്യയുടെ ചുട്ടിപ്പാറയിലെ വീടിന്റെ കിടപ്പുമുറിയിലാണ് ചൊവ്വാഴ്ച രാവിലെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ചുട്ടിപ്പാറ മണിയേരി ഷമീർ മുഹമ്മദുമായുള്ള ബന്ധത്തിൽ അസ്വാരസ്യമുള്ളതിനാൽ ആസ്യ സ്വന്തം വീട്ടിലായിരുന്നു താമസം. ഏഴ് മാസം മുമ്പാണ് ഭർതൃവീട്ടിൽനിന്ന് കുട്ടിയുമായി പോന്നത്. പിന്നീട്, ഇവർ മറ്റൊരാളുമായി പ്രണയത്തിലായതായി പറയുന്നു. വിവാഹവും കുട്ടിയുള്ളതും മറച്ചുവെച്ചായിരുന്നു പ്രണയം. കാമുകനുമായുള്ള വിവാഹത്തിന് തടസ്സമാകുമെന്ന കാരണത്താൽ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുട്ടി എഴുന്നേൽക്കാത്തതിനെ തുടർന്ന് രാവിലെ ഒമ്പതേകാലോടെ ആസ്യയുടെ സഹോദരി പുത്രിയാണ് സംശയം പ്രകടിപ്പിച്ചത്. ഈ സമയം ആസ്യ, പുറത്ത് പത്രം വായിച്ചു ഇരിക്കുന്നുണ്ടായിരുന്നു. പാതി കണ്ണ് തുറന്ന നിലയിലാണ് കുട്ടി കിടന്നിരുന്നതെന്ന് സഹോദരി പറയുന്നു. അബോധാവസ്ഥയിലാണെന്ന സംശയത്തിൽ, മറ്റൊരിടത്ത് കിടത്തി മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണരാതിരുന്നതിനെ തുടർന്ന് ഉടൻ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്ക് മുൻപുതന്നെ മരണം സംഭവിച്ചിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഈത്തപ്പഴം തൊണ്ടയിൽ കുരുങ്ങി അബോധാവസ്ഥയിലായെന്നാണ് ആസ്യ ആദ്യം പറഞ്ഞത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് വെളിപ്പെടുത്തിയത്. പോസ്റ്റ് മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. കഴുത്തിലെ പാടാണ് തെളിവായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

