നാലുവയസ്സുകാരനെയുമായി നാടുവിട്ട മാതാവും സുഹൃത്തും റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസ്സുകാരനെയുമായി നാടുവിട്ട മാതാവും സുഹൃത്തും റിമാൻഡിൽ. ബേക്കൽ പള്ളിക്കര സി.എച്ച്. നഗറിലെ സൈനബയെയും പൂച്ചക്കാട് സ്വദേശി ഷഫീഖിനെയുമാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പ്രവാസിയുടെ ഭാര്യയായ സൈനബയെ കഴിഞ്ഞ മേയ് 31 നാണ് പള്ളിക്കരയിലെ വാടക വീട്ടിൽനിന്ന് കാണാതായത്. പിന്നാലെ ഷഫീഖിനെയും കാണാതായി. ഷഫീഖിന്റെ ഭാര്യയും സൈനബയുടെ വീട്ടുകാരും നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ ഇരുവരും ഒന്നിച്ചുപോയതാണെന്ന് മനസ്സിലായി.
ഇതിനിടെ നാലു ദിവസം മുമ്പ് സൈനബയുടെ നാലു വയസ്സുള്ള മകനെ പടന്നക്കാട്ടെ സ്വന്തം വീട്ടിൽനിന്നും കാണാതായി. കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.
വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാതായെന്നായിരുന്നു പരാതി. കുട്ടിയെ മാതാവ് കൊണ്ടുപോയതാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണ സംഘം കുട്ടിയും മാതാവും ഷഫീഖിനൊപ്പം എറണാകുളത്തുള്ളതായി കണ്ടെത്തി. കുട്ടിയെ കോടതിയിൽ ഹാജരാക്കി പിതാവിന്റെ സംരക്ഷണയിൽ വിട്ടു. കുട്ടിയെ സംരക്ഷിക്കാതെ വീടുവിട്ടതിന് സൈനബയുടെയും ഇതിന് കൂട്ടുനിന്നതിന് ഷഫീഖിനെയും ജുവനൈൽ ആക്ട് പ്രകാരമാണ് കോടതി റിമാൻഡ് ചെയ്തത്.