അമ്മയുടെയും മകളുടെയും ആത്മഹത്യ; മകളുടെ ഭർത്താവിന്‍റെ അറസ്റ്റ് മുംബൈയിൽ രേഖപ്പെടുത്തി
text_fieldsതിരുവനന്തപുരം: കമലേശ്വരത്ത് അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവത്തിൽ മുംബൈ പൊലീസ് പിടികൂടിയ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ പൂന്തുറ പൊലീസ് മുംബൈയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. അന്തേരി ഫസ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലസ്ഥാനത്ത് എത്തിക്കാൻ പൊലീസിന് കോടതി അനുമതി നൽകി.
ശനിയാഴ്ച വിമാനത്തിലോ ട്രെയിനിലോ നാട്ടിലെത്തിക്കാനാണ് ശ്രമം നടന്നുവരുന്നത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുംബൈ വിമാനത്താവളത്തിൽനിന്ന് മുംബൈ പൊലീസ് കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. ഇരുവരുടെയും ആത്മഹത്യക്ക് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിഞ്ഞ മുംബൈ പൊലീസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് പിടികൂടുകയായിരുന്നു. ഗാര്‍ഹിക പീഡനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമര്‍ശമുണ്ടായിരുന്നു. നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്താലെ കേസിന്‍റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടാണ് കമലേശ്വരം സ്വദേശികളായ എസ്.എൽ. സജിതയെയും മകൾ ഗ്രീമ എസ്. രാജിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
സയനൈഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യക്ക് കാരണം മകളുടെ ഭർത്താവായ ഉണ്ണികൃഷ്‌ണനാണെന്ന വാട്സ്ആപ് സന്ദേശം സജിത മരിക്കുംമുമ്പ് ബന്ധുക്കൾക്ക് അയച്ചിരുന്നു. ആറുവർഷത്തെ മാനസിക പീഡനവും അപമാനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിലുള്ളത്.
കേവലം 25 ദിവസം കൂടെ താമസിച്ച് ഉണ്ണികൃഷ്ണൻ മകളെ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു സന്ദേശം. ഗ്രീമയുടെ ഭർത്താവ് അയർലൻഡിൽ കോളജ് അധ്യാപകനായി ജോലിചെയ്യുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. 200ലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയാണ് വിവാഹം നടത്തിയത്.
ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസമെത്തിയ ഉണ്ണികൃഷ്ണനെ ഗ്രീമ കണ്ടിരുന്നു. ഇവിടെവെച്ച് ഉണ്ണികൃഷ്ണൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് അടുത്ത ബന്ധുക്കൾ പറഞ്ഞു. വിവാഹബന്ധം തുടരാൻ താൽപര്യമില്ലെന്ന സൂചനയും ഉണ്ണികൃഷ്ണൻ നൽകിയിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കി.
അതേസമയം, അമ്മ സജിതക്കും മകൾക്കും സയനൈഡ് എങ്ങനെ ലഭിച്ചുവെന്നതിൽ ഇപ്പോഴും ദുരൂഹതയുണ്ട്. ആന്തരികാവയവങ്ങളുടെ സൂക്ഷ്മ പരിശോനക്ക് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാനാകൂവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

