കോട്ടയത്ത് കോളജ് വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; ക്രൂരമർദനം
text_fieldsകോട്ടയം: കോട്ടയത്ത് വിദ്യാർഥിനിക്കും സുഹൃത്തിനും നേരെ സദാചാര ഗുണ്ടാ ആക്രമണം. കമന്‍റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മൂന്നംഗ സംഘം ഇരുവരെയും ആക്രമിച്ചത്. ഇന്നലെ രാത്രി സെന്‍ട്രല്‍ ജംഗ്ഷന് സമീപമായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
അപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന മറ്റൊരു സുഹൃത്തിന് വസ്ത്രങ്ങള്‍ നല്‍കുന്നതിനായി ജില്ല ആശുപത്രിയിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തും. ഇതിനിടയില്‍ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറി. അവിടെ വച്ച് മൂന്നംഗ സംഘം കമന്‍റടിച്ചു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് മൂന്നംഗസംഘം ഇരുവര്‍ക്കും നേരേ അശ്ലീല കമന്റടി ആരംഭിച്ചത്. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞ സംഘം, പെണ്‍കുട്ടിക്ക് നേരേ അശ്ലീലആംഗ്യം കാണിച്ചെന്നാണ് ആരോപണം. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിയ വിദ്യാര്‍ഥികളെ ഇവർ കാറില്‍ പിന്തുടര്‍ന്നെത്തി വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.