കൊല്ലത്ത് അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം; പ്രതി ഒളിവിൽ
text_fieldsപ്രതി ആഷിഖ്, ആക്രമിക്കപ്പെട്ട ഷംലയും മകനും
കൊല്ലം: അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം. എഴുകോണ്‍ ചീരങ്കാവ് കണ്ണങ്കര തെക്കേതില്‍ ഷംലക്കും മകൻ ഷാലുവിന് നേരെയാണ് ആക്രമണമുണ്ടായത്. പരവൂരിൽ തെക്കുംഭാഗം ബീച്ചിന് സമീപമാണ് സംഭവം നടന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് കൊല്ലത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമ്മയും മകനും. കാറിലിരുന്ന് ഭക്ഷണം കഴിക്കുവാൻ പോകുമ്പോള്‍ അക്രമികൾ കമ്പിവടി കൊണ്ട് അടിക്കുകയും വാഹനം തകർക്കുകയുമായിരുന്നു.
ഷംലയെ തലമുടിയില്‍ കുത്തിപ്പിടിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട അക്രമി തടയാനെത്തിയ മകനെ അസഭ്യം പറഞ്ഞ് കമ്പിവടി കൊണ്ട് അടിക്കുകയായിരുന്നു. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചു തള്ളിയ അക്രമി ചവിട്ടുകയും കമ്പിവടി കൊണ്ട് മർദിക്കുകയും ചെയ്തു.
അക്രമിയുടെ കൈയ്യിലുണ്ടായിരുന്ന ആയുധത്തിൽ നിന്ന് ഷാലുവിന്‍റെ കൈ ഞരമ്പിന് മുറിവേറ്റു. പിന്നീട് ആശുപത്രിയിലെത്തി മുറിവ് തുന്നിക്കെട്ടി.
പ്രതി ആഷിഖിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.