മംഗളൂരുവിൽ സദാചാര ഗുണ്ട ആക്രമണം
text_fieldsബംഗളൂരു: മംഗളൂരുവിൽ സുഹൃത്തുക്കൾക്കു നേരെ ബജ്റങ്ദൾ പ്രവർത്തകരുടെ സദാചാര ഗുണ്ട ആക്രമണം. കൊട്ടാര ചൗക്കിയിൽ ശനിയാഴ്ച അർധരാത്രിയോടെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഇതര മതസ്ഥരായ സുഹൃത്തുക്കൾക്കു നേരെയാണ് ആക്രമണം അരങ്ങേറിയത്. ഇരുവരെയും തടഞ്ഞുനിർത്തിയ ഹിന്ദുത്വ പ്രവർത്തകരോട്, തങ്ങൾ ഭക്ഷണം കഴിച്ചു മടങ്ങുകയാണെന്നറിയിച്ചിട്ടും മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉർവ പൊലീസ് സ്ഥലത്തെത്തി. ഏതാനും ബജ്റങ്ദൾ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് വിട്ടയച്ചു. വിവരങ്ങൾ തേടിയ ശേഷം സുഹൃത്തുക്കളെയും പൊലീസ് വിട്ടയച്ചു. മംഗളൂരുവിൽ സദാചാര ആക്രമണ കേസുകൾ വർധിച്ചുവരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള മൂന്ന് സംഭവങ്ങളാണ് മംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തത്.