കൊടുക്കാനുള്ളത് 4 കോടി മാത്രമെന്ന് മോൻസൺ; ആനക്കൊമ്പ് 'ഒറിജിനലാണോ' എന്ന് പരിശോധിക്കും
text_fieldsപുരാവസ്തു ഇടപാടിന്‍റെ പേരിൽ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും അഞ്ച് പരാതിക്കാർക്കുമായി നൽകാനുള്ളത് 4 കോടി മാത്രമാണെന്നും മോന്‍സണ്‍ പറഞ്ഞു.
4 കോടി വാങ്ങിയതിന് കരാറുണ്ട്. ഇതിൽ 75 ലക്ഷം രൂപ സഹായി ഷിബുവിന്‍റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി. ഇന്നലെ മൂന്നു മണിക്കൂറാണ് മോന്‍സണെ ചോദ്യം ചെയ്തത്. രക്തസമ്മർദ്ദം കൂടിയതിനാൽ ചോദ്യം ചെയ്യൽ ഒമ്പത് മണിയോടെ നിർത്തിവയ്ക്കുകയായിരുന്നു. അതേസമയം മോൻസന്‍റെ പേരിലുള്ള അക്കൗണ്ടുകളിൽ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്തയച്ചു. മോൻസന്‍റെ സഹായികളുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
മോൻസൺ മാവുങ്കലിനെ മൂന്നു ദിവസത്തേക്കാണ് കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പിനായി മോൻസനെ ഇന്ന് ചേർത്തലയിലെ വീട്ടിൽ കൊണ്ടുപോയേക്കും. മോൺസനെതിരെ പരാതി നൽകിയവരോട് ക്രൈംബ്രാഞ്ച് ഒാഫീസിൽ എത്താൻ അറിയിപ്പ് നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യേഗസ്ഥർക്ക് മൊഴി നൽകാൻ നേരിട്ടെത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മോൻസന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ആനക്കൊമ്പ് യാഥാർഥമാണോ എന്ന് സംസ്ഥാന വനം വകുപ്പും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സംഘവും പരിശോധിക്കും. വന്യജീവികളുടെ അവശിഷ്ടങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കൂടുതൽ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാർ
കൊച്ചി: മോൻസൺ മാവുങ്കലിെൻറ തട്ടിപ്പിനിരയായവർ കൂടുതൽ ഡിജിറ്റൽ രേഖകൾ ക്രൈംബ്രാഞ്ചിന് കൈമാറി. അനൂപ് വി. മുഹമ്മദ്, യാക്കൂബ് പാറയിൽ, എം.ടി. ഷെമീർ, സലീം എടത്തിൽ എന്നിവരാണ് ബുധനാഴ്ച കൊച്ചിയിലെത്തി തങ്ങളുടെ പക്കലുള്ള ഡിജിറ്റൽ തെളിവുകൾ നൽകിയത്. ക്രൈംബ്രാഞ്ച് ഇവരിൽനിന്ന് വിശദ മൊഴിയെടുത്തു. പ്രധാനമായും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്്ദരേഖകളും വിഡിയോകളുമാണ് കൈമാറിയത്. ഇത് കൂടാതെ ബാങ്ക് രേഖകൾ, പരാതികൾ പുറത്തുവന്നശേഷം തട്ടിപ്പിനിരയായ കൂടുതൽപേർ ബന്ധപ്പെട്ടതിെൻറ വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം ആരാഞ്ഞു. മൊബൈലിലും ലാപ്ടോപ്പിലുമുള്ള എല്ലാ തെളിവുകളും കൈമാറിയെന്നും അന്വേഷണത്തിൽ പൂർണവിശ്വാസമുണ്ടെന്നും പരാതിക്കാർ പറഞ്ഞു. തൃശൂർ കേന്ദ്രീകരിച്ച് പ്രധാന ധനകാര്യസ്ഥാപനം തട്ടിപ്പിൽ ഇടപെട്ട വിവരങ്ങളും കൈമാറിയെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

