മോൻസണിന്റെ വീട്ടിൽ കസ്റ്റംസ്, വനം വകുപ്പ് പരിശോധന
text_fieldsകൊച്ചി: പുരാവസ്തു വില്‍പനയുടെ മറവിൽ കോടികൾ തട്ടിയ മോന്‍സണ്‍ മാവുങ്കലിെൻറ കലൂർ വൈലോപ്പിള്ളി ലെയ്നിലുള്ള കൊട്ടാരസമാനമായ വീട്ടിൽ കസ്റ്റംസും വനം വകുപ്പും പരിശോധന നടത്തി. വീട്ടിലുള്ള വിദേശനിര്‍മിത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആനക്കൊമ്പ് അടക്കമുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു വനം വകുപ്പിെൻറ പരിശോധന. പരിശോധന മണിക്കൂറുകൾ നീണ്ടു.
വീട്ടിെല മ്യൂസിയത്തിൽ ആനക്കൊമ്പ് പിടിപ്പിച്ച ഇരിപ്പിടമുള്ളതായി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതു യഥാർഥമാണോ എന്നറിയാനാണ് വനം വകുപ്പ് എത്തിയത്. പുരാവസ്തു ശേഖരത്തിൽ സമാനമായ അനധികൃത ഉൽപന്നങ്ങൾ വല്ലതുമുണ്ടോയെന്നും വനം വകുപ്പ് പരിശോധിച്ചിട്ടുണ്ട്. ആഡംബര കാറുകൾ, പുരാവസ്തുക്കൾ എന്നിവയെക്കുറിച്ചാണ് കസ്റ്റംസ് കാര്യമായും പരിശോധിച്ചത്. കലൂരിലെയും ചേർത്തലയിലെയും വീടുകളിൽ ക്രൈംബ്രാഞ്ച് നേരേത്ത നടത്തിയ പരിശോധനയിൽ നിരവധി ആഡംബര കാറുകൾ കണ്ടെത്തിയിരുന്നു.
മോൻസണെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിെൻറ തെളിവെടുപ്പ് ബുധനാഴ്ച മുതൽ ഉണ്ടാകും. അനധികൃതമായി സമ്പാദിച്ച സ്വത്തിെൻറ വിനിയോഗം സംബന്ധിച്ച് എൻേഫാഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) അന്വേഷണത്തിനും സാധ്യത തെളിയുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകളുെട അടിസ്ഥാനത്തിൽ ഇ.ഡിയും അന്വേഷണത്തിനായി എത്തുമെന്നാണ് സൂചന.
ഇതിനിടെ, മോൻസണിെൻറ വീട്ടിലെ 'പുരാവസ്തുക്കൾ' ആസ്വദിച്ചും അദ്ദേഹത്തോടൊപ്പം നിന്നുമുള്ള നിരവധി പ്രമുഖരുടെ ചിത്രങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ, മുൻ ഡി.ജി.പിമാരായ ലോക്നാഥ് ബെഹ്റ, ആർ. ശ്രീലേഖ, എ.ഡി.ജി.പി മനോജ് എബ്രഹാം എന്നിവർക്ക് പുറമെ അമൃതാനന്ദമയി, നടന്മാരായ മോഹൻലാൽ, ശ്രീനിവാസൻ, ബാല, ടൊവീനോ തോമസ്, ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് തുടങ്ങിയവരുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
ഇവരിൽ ആരുമായൊക്കെയാണ് ഇയാൾക്ക് വഴിവിട്ട അടുപ്പമുള്ളതെന്നും സാമ്പത്തിക ഇടപാടിലോ മറ്റു കുറ്റകൃത്യങ്ങളിലോ ഇവർക്ക് ആർക്കെങ്കിലും പങ്കുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മോൻസണുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും സഹായികളെയും ചോദ്യം ചെയ്യും. വിദേശയാത്രകളുടെ വിശദാംശങ്ങളും അന്വേഷണ ഏജൻസികൾ തേടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

