മരിച്ചവർക്കും ക്ഷേമപെൻഷൻ; ബാങ്ക് ജീവനക്കാരിക്ക് സസ്പെൻഷൻ
text_fieldsപന്തളം: മരിച്ചവർക്കും ക്ഷേമപെൻഷൻ വിതരണം ചെയ്ത പന്തളം സഹകരണ ബാങ്ക് ജീവനക്കാരിക്ക് സസ്പെൻഷൻ. സി.പി.എം നിയന്ത്രണത്തിലുള്ള പന്തളം സർവിസ് സഹകരണ ബാങ്ക് ജീവനക്കാരിയും പന്തളം ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.വി. അരവിന്ദാക്ഷന്റെ ഭാര്യയുമായ സ്വപ്നയെയാണ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
പന്തളം നഗരസഭയിൽനിന്നുള്ള ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് ഈ ബാങ്കിനെയാണ്. ബാങ്കിലെ ജീവനക്കാരാണ് ഈ തുക ഗുണഭോക്താക്കളിൽ എത്തിക്കുന്നത്. ഗുണഭോക്താവ് മരിച്ചാൽ ആ വിവരം റിപ്പോർട്ട് ചെയ്ത് പെൻഷൻ തുകയും തിരികെ അടക്കണമെന്നാണ് നിയമം.
മരിച്ച മൂന്നു പെൻഷൻ ഗുണഭോക്താക്കളുടെ 35,000 രൂപയോളമാണ് തട്ടിയെടുത്തതായി നഗരസഭ നടത്തിയ ഓഡിറ്റിങ്ങിൽ കണ്ടെത്തിയിരിക്കുന്നത്. കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതും വ്യക്തമല്ല. തട്ടിപ്പ് പുറത്തായതോടെ സ്വപ്ന പണം തിരികെ അടക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു.
വിവരം പുറത്തറിഞ്ഞതോടെ ജീവനക്കാരിയെ സസ്പെൻഡ് ചെയ്ത് അന്വേഷണ കമീഷനെയും തീരുമാനിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണ് സി.പി.എം നേതൃത്വം. മുമ്പും ഈ ബാങ്കിൽ പെൻഷൻ തുക തട്ടിയെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

