മൊഫിയയുടെ ആത്മഹത്യ: ഭർതൃ മാതാപിതാക്കൾക്ക് ജാമ്യം
text_fieldsകൊച്ചി: ആലുവ സ്വദേശിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർതൃ മാതാപിതാക്കൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. അതേസമയം, കേസിലെ പ്രധാന പ്രതിയായ ഭർത്താവ് കോതമംഗലം ഇരമല്ലൂർ മേലേക്കുടിയിൽ മുഹമ്മദ് സുഹൈലിന്‍റെ ജാമ്യ ഹരജി ജസ്റ്റിസ് പി. ഗോപിനാഥ് തള്ളി. ചോദ്യം ചെയ്യലിനായി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് ഭർതൃ മാതാവ് റുഖിയ, പിതാവ് യൂസഫ് എന്നിവർക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്. അഡീ. സെഷൻസ് കോടതി നേരത്തേ ജാമ്യ ഹരജി തള്ളിയിരുന്നു.
മൊഫിയ പർവീനിനെ നവംബർ 22ന് മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ 25ന് തങ്ങളെ അറസ്റ്റ് ചെയ്തെന്നും അന്ന് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സത്രീ പീഡനം, സ്ത്രീധന മരണം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഭർത്താവ് മുഹമ്മദ് സുഹൈലിനെതിരായ ആരോപണം ഗുരുതരമാണെന്ന് വിലയിരുത്തിയ കോടതി തുടർന്ന് ജാമ്യം നിഷേധിച്ചു. ആരോപണം ശരിയാണെങ്കിൽ വലിയ ക്രൂരതയാണ് ഭർത്താവിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും കോടതി അഭിപ്രായപ്പെട്ടു.