മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേന കടകളിലെത്തി മോഷണം നടത്തുന്നയാൾ പിടിയിൽ
text_fieldsതിരൂരങ്ങാടി: മൊബൈൽ ഫോൺ വാങ്ങാനെന്ന വ്യാജേനയെത്തി കടകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ. പാണമ്പ്ര സ്വദേശി ശിഹാബ് (22) ആണ് പിടിയിലായത്. തന്റെ കൈവശമുള്ള ഫോണിന്റെ പുതിയ മോഡൽ ആവശ്യപ്പെടുകയും ഇത് പരിശോധിക്കുന്നതിനിടെ പഴയ ഫോൺ പകരം വെച്ച് പുതിയതുമായി കടന്നുകളയുകയുമാണ് ഇയാളുടെ രീതി. ജനുവരി മൂന്നിന് ചെമ്മാട് എം.എൻ കോംപ്ലക്സിലെ വൺ പ്ലസ് എന്ന കടയിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നു. 15000 രൂപ വിലയുള്ള ഫോൺ കൈവശപ്പെടുത്തി മുങ്ങുകയായിരുന്നു. ഞായറാഴ്ച തൊട്ടടുത്ത കടയിൽ എത്തി റീചാർജ് ചെയ്ത് പണം നൽകാതെ മുങ്ങുമ്പോൾ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൊബൈൽ മോഷ്ടിച്ച് രക്ഷപ്പെട്ടയാളാണെന്ന് വ്യക്തമായത്. ഉടൻ പൊലീസിൽ ഏൽപ്പിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.