മൊബൈൽ മോഷണം: യുവാവ് പിടിയിൽ
text_fieldsസാജൻ
കൊല്ലം: മൊബൈൽ ഫോണുകൾ മോഷ്ടിച്ച് വിൽപന നടത്തിയ കേസിൽ പ്രതി പിടിയിലായി. പള്ളിത്തോട്ടം കല്ലേലിവയലിൽ പുരയിടം സാജനാണ് (21) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. പള്ളിത്തോട്ടം കൈക്കുളങ്ങര ജ്യോതിസ്സ് നഗർ 101ൽ ജോസിന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോയതായി കാണിച്ച് ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസിന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന ഫോണുകൾ വിൽപന നടത്തി ലഭിക്കുന്ന പണം ലഹരി ഉപയോഗത്തിനും മറ്റ് ആഡംബര ജീവിതത്തിനുമായി ഉപയോഗിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

