'ഹിജാബ് ധരിച്ച നിങ്ങൾ എന്തുകൊണ്ടാണ് മതനിയമം അനുസരിക്കാത്തത്'; സുഹൃത്തിനൊപ്പം രാത്രി ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ തടഞ്ഞുവെച്ച് സംഘം
text_fieldsഇൻഡോർ: മറ്റൊരു സമുദായത്തിൽപെട്ട യുവാവിനൊപ്പം സ്കൂട്ടറിൽ രാത്രി ഭക്ഷണത്തിനെത്തിയ യുവതിയെ ശല്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ വന്നിരിക്കുന്നത് രക്ഷിതാക്കളുടെ സമ്മതത്തോടെയാണെന്ന് ഹിജാബ് ധരിച്ച യുവതി പറയുന്നുണ്ട്. എന്നാൽ ഇസ്‍ലാമിക നിയമം ഇത് അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് യുവാക്കൾ യുവതിയെ അധിക്ഷേപിക്കുന്നത്.
അന്യ മതത്തിൽ പെട്ട യുവാവുമായി സ്കൂട്ടറിൽ ഹോട്ടലിൽ എത്തിയതിനെ എതിർത്ത സംഘം യുവതിയോട് ഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്തു കൂടായിരുന്നോ എന്നും ചോദിക്കുന്നുണ്ട്. ''നിങ്ങൾ ഹിജാബ് ധരിച്ചിട്ടുണ്ട്. എന്നാൽ ഇസ്‍ലാമിന്റെ നിയമങ്ങൾ അനുസരിക്കുന്നില്ല. ആരെയും ഇസ്‍ലാമിനെ താഴ്ത്തിക്കെട്ടാൻ അനുവദിക്കില്ലെന്നും ഒരാൾ യുവതിയുടെ മുഖത്തേക്ക് കൈ ചൂണ്ടി പറയുന്നതും വിഡിയോയിൽ കാണാം.
പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവാവ് ഇതിനെ എതിർത്തപ്പോൾ സംഘാംഗങ്ങൾ മർദ്ദിക്കുകയും ചെയ്തു. സംഭവത്തിൽ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ഏഴു പേരെ പ്രതിചേർത്താണ് കേസെടുത്തത്.രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാനെത്തിയവർ വിദ്യാർഥികളാണെന്നാണ് പൊലീസ് പറയുന്നത്.