യുവാക്കളെ കാണാതായ സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന്
text_fieldsകാണാതായ ആദിവാസി യുവാക്കൾക്കായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ്
കൊല്ലങ്കോട്: കാണാതായ ആദിവാസി യുവാക്കളെകുറിച്ചുള്ള അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മുതലമട, ചപ്പക്കാട് ആദിവാസി കോളനി സ്വദേശികളായ സാമുവൽ (സ്റ്റീഫൻ-28) മുരുകേശൻ (27) എന്നിവരെയാണ് കഴിഞ്ഞ ആഗസ്റ്റ് 30ന് രാത്രി കാണാതായത്. തോട്ടങ്ങളിലും വനത്തിലുമായി അഗ്നിശമന സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയിരുന്നു.
കഴിഞ്ഞ രണ്ട് മാസമായുള്ള പൊലീസ് അന്വേഷണത്തിൽ ഒരു തുമ്പും ലഭിച്ചിരുന്നില്ല. ഇതേതുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുന്ദരെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. പൊലീസ് അന്വേഷണം എങ്ങുമെത്താതായതോടെ ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് യുവാക്കളുടെ ബന്ധുക്കളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. യുവാക്കൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലുമുള്ള അതിർത്തി പ്രദേശങ്ങളിൽ പൊലീസ് അടിച്ചിറക്കിയ തമിഴ്-മലയാള നോട്ടീസ് പതിച്ചിട്ടും ഫലമുണ്ടായില്ല. സ്വകാര്യ തോട്ടത്തിൽ ജീവനക്കാരനായ സ്റ്റീഫൻ ആഗസ്റ്റ് 30ന് വീട്ടിലെത്തി തിരിച്ച് രാത്രി പത്ത് മണിക്ക് സുഹൃത്ത് മുരുകേശനുമായി തോട്ടത്തിലേക്ക് പോയതിനു ശേഷം ഇരുവരെയും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങി അര മണിക്കൂറിനകം മൊബൈൽ ഫോൺ ഓഫായിരുന്നു.