ആലത്തൂരിൽ കാണാതാവുന്നവരുടെ എണ്ണം വർധിക്കുന്നു; അന്വേഷണം തമിഴ്നാട്ടിലേക്ക്
text_fieldsആലത്തൂർ: ആലത്തൂരിൽ കാണാതാവുന്നവരുടെ എണ്ണം കൂടിവരുന്നു. ഊർജിത അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കാവശ്ശേരി കഴനി ചുങ്കം അമൃത ഹൗസിൽ രവീന്ദ്രനാഥിെൻറ മകൻ ആദർശിനെ (25) ഇക്കഴിഞ്ഞ ഫെബ്രുവരി ആറ് മുതൽ കാണാനില്ല. പാടൂരിലുള്ള സുഹൃത്തിെൻറ കൃഷിസ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അന്ന് വീട്ടിൽനിന്ന് പോയത്. ആദർശ് ഉപയോഗിച്ചിരുന്ന സ്കൂട്ടർ ആലത്തൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിതാവ് പൊലീസിൽ പരാതിപ്പെടാനെത്തിയപ്പോഴാണ് സ്കൂട്ടർ കണ്ടത്.
ആഗസ്റ്റ് 30ന് കാണാതായ ആലത്തൂർ പുതിയങ്കം തെലുങ്ക്തറ ഭരതൻ നിവാസിൽ രാധാകൃഷ്ണെൻറ മകൾ സൂര്യ കൃഷ്ണയേയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏറ്റവുമൊടുവിൽ ഇരട്ടകളായ രണ്ടു പെൺകുട്ടികളേയും ഇവർ പഠിക്കുന്ന ക്ലാസിലെ മറ്റു രണ്ട് ആൺകുട്ടികളെയും ഒരേദിവസം കാണാതായി. കാണാതായവരെല്ലാം ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്.
അന്വേഷണം തമിഴ്നാട്ടിലേക്ക്
ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും ആലത്തൂരിൽ കാണാതായ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു.
ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴി പോയതായുള്ള വിവരത്തിെൻറ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലും അന്വേഷണം ഊർജിതമാക്കിയത്. ഒരേ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാര്‍ഥികളെയാണ് ബുധനാഴ്ച മുതൽ കാണാതായത്. ഇവര്‍ പാലക്കാട് ബസ് സ്റ്റാന്‍ഡിലൂടെ നടക്കുന്നതിെൻറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഒരാളുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നുവെങ്കിലും പാലക്കാട് മുതൽ അത് സ്വിച്ച് ഓഫാണ്. കുട്ടികൾ എന്തിനാണ് വീട് വിട്ടിറങ്ങിയതെന്നോ എവിടേക്കാണ് പോകുന്നതെന്നോ സംബന്ധിച്ച് വിവരമൊന്നുമില്ല. സി.സി.ടി.വി ദൃശ്യങ്ങളും അതിൽ കാണുന്ന സ്ഥലങ്ങളേയും അടിസ്ഥാനമാക്കിയും അന്വേഷണം നടക്കുന്നുണ്ട്.