സാമൂഹ്യവിരുദ്ധർ നഗരം കൈയടക്കിയിട്ടും പൊലീസിന് പ്രിയം ഹെൽമറ്റ് വേട്ട
text_fieldsകൊച്ചി: ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും നഗരം കൈയടക്കിയിട്ടും ഹെൽമറ്റ് വേട്ടയിൽ മാത്രമൊതുങ്ങിയിരിക്കുകയാണ് നഗരത്തിലെ പൊലീസിന്റെ പ്രവർത്തനമെന്ന് ആക്ഷേപം.
പൊലീസ് സ്റ്റേഷന് മീറ്റററുകൾക്കപ്പുറം സാമൂഹ്യവിരുദ്ധർ തമ്പടിച്ചിരിക്കുമ്പോഴും അവരെ കണ്ടെത്താനും നിരീക്ഷിക്കാനും പൊലീസിനാകുന്നില്ല. രാത്രി പട്രോളിങ് എന്നത് നഗരത്തിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് പേരിന് മാത്രമായുള്ള ഏർപ്പാടായി മാറി. കഴിഞ്ഞ ദിവസം രാത്രി മധ്യവയസ്കനെ കുത്തിക്കൊന്ന നോർത്ത് മേൽപാലത്തിനടിയിൽ ക്രിമിനൽ സംഘങ്ങൾ തമ്പടിക്കുന്ന പ്രദേശമാണെന്ന് ജനങ്ങൾ പറയുന്നു. ലഹരി ഉൽപന്നങ്ങൾ പരസ്യമായി ഉപയോഗിക്കുന്നതും സംഘട്ടനങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
ബുധനാഴ്ച രാത്രി ഒമ്പതോടെ കൊലപാതകം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പാലത്തിനടിയിൽ പൊലീസ് സംഘം ഹെൽമറ്റ്- സീറ്റ് ബെൽറ്റു വേട്ടക്കിറങ്ങിയിരുന്നു. പാലത്തിന് അടിയിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്നതും ഉപേക്ഷിച്ച നിലയിലുള്ള വാഹനങ്ങളും കെട്ടിടങ്ങൾക്ക് സമീപത്തെ ഒഴിഞ്ഞയിടങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. സി.സി.ടി.വികൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിക്കതും പ്രവർത്തിക്കുന്നില്ല.
നഗരത്തിലെ മിക്ക ഓവർ ബ്രിഡ്ജുകളുടെയും താഴെ രാത്രികാലങ്ങളിൽ ലഹരിവിൽപനക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്. ഇവിടെയൊന്നും പൊലീസ് തിരിഞ്ഞ് നോക്കാത്തത് സമീപവാസികളുടെ സ്വൈര്യം കെടുത്തുകയാണ്. നോർത്ത് റെയിൽ വേ സ്റ്റേഷനിലേക്കുള്ള പ്രധാന വഴികളിൽ ഒന്നായ നോർത്ത് റെയിൽവെ മേൽപാലത്തിൽ പൊലീസിന്റെ ശ്രദ്ധ വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

