മദ്യപിച്ചെത്തി അമ്മയെ സ്ഥിരം ഉപദ്രവിക്കുന്ന പിതാവിനെ പ്രായപൂർത്തിയാകാത്ത മകൻ വെട്ടിക്കൊന്നു
text_fieldsഭോപ്പാൽ: മദ്യപിച്ചെത്തി അമ്മയെയും സഹോദരങ്ങളെയും സ്ഥിരം ഉപദ്രവിക്കുന്ന പിതാവിനെ പ്രായപൂർത്തിയാകാത്ത മകൻ മഴുകൊണ്ട് വെട്ടിക്കൊന്നു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗോവിന്ദ് മല്ല എന്നയാളാണ് മരിച്ചത്.
കൂലിപ്പണിക്കാരനായ ഗോവിന്ദ് മല്ല ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തുക. മദ്യലഹരിയിൽ ഭാര്യയെയും കുട്ടികളെയും മർദിക്കുന്നത് പതിവായിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ ദിവസവും വാക്കേറ്റവുമുണ്ടാകും.
കഴിഞ്ഞ ദിവസവും ഗോവിന്ദ് മല്ല മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാനും വീട്ടുപകരണങ്ങൾ എറിഞ്ഞുടക്കാനും തുടങ്ങി. ഇയാളുടെ കയ്യിൽ ഒരു മഴുവും ഉണ്ടായിരുന്നു. അമ്മയെ മർദനത്തിൽ നിന്ന് രക്ഷിക്കാൻ ഇയാളുടെ മകൻ ഹരിലാൽ മല്ല ഇടപെട്ടു. അച്ഛന്‍റെ കയ്യിലിരുന്ന മഴു പിടിച്ചുവാങ്ങി മകൻ വെട്ടുകയായിരുന്നു. തലക്ക് ഉൾപ്പെടെ സാരമായി പരിക്കേറ്റ ഗോവിന്ദ് മല്ല അവിടെത്തന്നെ മരിച്ചുവീണു.
തുടർന്ന് ബെൽഖേദ പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം വിശദമായി അന്വേഷിക്കുകയാണെന്നും ഗോവിന്ദ മല്ലയുടെ അക്രമം സഹിക്കാനാവാതെയാണ് മകൻ ഇത്തരമൊരു കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

