
ആറുമാസത്തിനിടെ 16കാരിയെ ബലാത്സംഗം ചെയ്തത് 400ഓളം പേർ; കേസ്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ആറുമാസത്തിനിടെ 16കാരിയെ 400ഓളം പേർ ബലാത്സംഗം ചെയ്തതായി പരാതി. ബലാത്സംഗ പരാതി നൽകാനെത്തിയപ്പോൾ പൊലീസുകാരനും ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി പറയുന്നു. രണ്ടുമാസം ഗർഭിണിയാണ് പെൺകുട്ടി.
പെൺകുട്ടിയുടെ പരാതിയിൽ ശൈശവ വിവാഹ നിരോധനം, പോക്സോ, ക്രിമിനൽ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ബീഡ് പൊലീസ് സൂപ്രണ്ട് രാജ രാമസാമി അറിയിച്ചു.
വർഷങ്ങൾക്ക് മുമ്പ് പെൺകുട്ടിക്ക് അമ്മയെ നഷ്ടമായിരുന്നു. എട്ടുമാസം മുമ്പ് പിതാവ് പെൺകുട്ടിയെ വിവാഹം കഴിച്ച് അയച്ചു. എന്നാൽ, ഭർത്താവും മാതാപിതാക്കളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും മോശമായി പെരുമാറുകയുമായിരുന്നു. ഇതോടെ പെൺകുട്ടി ഭർതൃവീട്ടിൽനിന്ന് മടങ്ങി സ്വന്തം വീട്ടിലെത്തി. ജീവിക്കാനായി അംബജോഗയ് ബസ് സ്റ്റാൻഡിൽ ഭിക്ഷയെടുക്കാൻ ആരംഭിച്ചു. ശേഷം പെൺകുട്ടിയെ പലരും ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നു.
'എന്നെ നിരവധിേപർ ദുരുപയോഗം ചെയ്തു. നിരവധി തവണ അംബേജാഗയ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തി. പക്ഷേ പൊലീസ് പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചില്ല. അവരും എന്നെ ഉപദ്രവിച്ചു' -പെൺകുട്ടി ശിശു സംരക്ഷണ സമിതിയോട് പറഞ്ഞു.
സംഭവത്തിൽ പൊലീസ് ഒരാഴ്ചമുമ്പ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.