വാലൈന്റൻ ദിനത്തിൽ പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിക്ക് പീഡനം: രണ്ടു യുവാക്കൾ അറസ്റ്റിൽ
text_fieldsവരുൺ രാജ്, ശ്യാംലാൽ
കൊയിലാണ്ടി: പ്രായപൂർത്തിയാവാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. പേരാമ്പ്ര ചേർമലയിൽ വരുൺരാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വാലൈന്റൻ ദിനത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. സംഭവ ദിവസം രാവിലെ പോയ പെൺകുട്ടി വൈകീട്ട് അവശയായാണ് തിരിച്ചെത്തിയത്. വീട്ടുകാർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തുടർന്നാണ് പീഡനം നടന്നതായി അറിഞ്ഞത്. വടകര ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സി.ഐ എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പി. പ്രദീപൻ, ഗിരീഷ്, ഒ.കെ. സുരേഷ്, പ്രതീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

