ഹെറോയിനുമായി അന്തര്‍സംസ്ഥാന തൊഴിലാളി പിടിയില്‍
text_fieldsപെരുമ്പാവൂര്‍: എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളിയെ ഹെറോയിനുമായി പിടികൂടി. ഇയാളില്‍നിന്ന് ഏഴ് കുപ്പി ഹെറോയിന്‍ പൊലീസ് കണ്ടെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടൗണിലെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സില്‍ നഗരസഭ ശുചീകരണ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടയിലാണ് മൂന്നുപേര്‍ ചാക്കുമായി കറങ്ങിനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശുചീകരണ തൊഴിലാളികള്‍ വിവരം ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനെ അറിയിച്ചു.
ഇവര്‍ നടത്തിയ തിരച്ചിലില്‍ വൈ.എം.സി.എ പരിസരത്തുനിന്ന് മൂവരെയും കണ്ടെത്തിയെങ്കിലും രണ്ടുപേര്‍ ചാക്കുകെട്ടുമായി ഓടിക്കളഞ്ഞു. പിടിയിലായ ആളെ പരിശോധിച്ചപ്പോഴാണ് ഏഴ് കുപ്പി ഹെറോയിന്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നഗരത്തിലെ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പിന്‍വശത്തെ റോഡും മുനിസിപ്പല്‍ സ്റ്റേഡിയവും കേന്ദ്രീകരിച്ച് അന്തര്‍സംസ്ഥാനക്കാരുടെ ലഹരി ഉപയോഗവും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്നതായി പരാതി ഉയരുന്നുണ്ട്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനും വൈ.എം.സി.എക്കും മധ്യേയുള്ള ഒരു വീട്ടില്‍നിന്നും അടുത്തിടെ 10,000 രൂപയും പാത്രങ്ങളും മോഷണം പോയിരുന്നു. ഈ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രദേശത്തുനിന്ന് മയക്കുമരുന്നുമായി അന്തര്‍സംസ്ഥാനക്കാരന്‍ പിടിയിലായത്.
ഓപറേഷന്‍ തൂഫാന്റെ പേരില്‍ ഞായറാഴ്ച പകല്‍സമയങ്ങളില്‍ മാത്രം നഗരത്തില്‍ പരിശോധന നടത്തുന്ന പൊലീസിന് രാത്രികാലങ്ങളില്‍ അനക്കമില്ലെന്നാണ് പരാതി. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മുനിസിപ്പല്‍ മൈതാനത്തിന് സമീപത്തെ കെട്ടിടം, ഇ.വി.എം തിയറ്റര്‍ പരിസരം, യാത്രിനിവാസ്, സോഫിയ കോളജ് റോഡ് എന്നിവിടങ്ങളിലെല്ലാം രാത്രിയില്‍ മയക്കുമരുന്ന് കച്ചവടക്കാരും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളും അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ മുകള്‍നിലകളും ഇക്കൂട്ടരുടെ താവളങ്ങളാണ്. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളില്‍ മദ്യക്കുപ്പികളും മയക്കുമരുന്ന് കവറുകളും ഇടുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും സ്ഥിരം സംഭവമായി മാറുകയാണെന്നാണ് ആക്ഷേപം. പൊലീസ് രാത്രികാല പരിശോധന ശക്തമാക്കണമെന്നാണ് വ്യാപാരികൾ ഉൾപ്പടെയുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

