മധ്യവയസ്കയുടെ കൊലപാതകം: അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് നിവേദനം
text_fieldsഅഞ്ചൽ: ഏരൂർ വിളക്കുപാറയിൽ ഒറ്റക്ക് താമസിച്ചുവന്ന മധ്യവയസ്ക ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ശാസ്ത്രീയ തെളിവുകളുടെ സഹായത്തോടെ പ്രതികളെ പിടികൂടാൻ ആവശ്യമായ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ രണ്ടുമാസം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് നിവേദനത്തിൽ വ്യക്തമാക്കി.
വിളക്കുപാറ പാറവിള വീട്ടിൽ വത്സലയാണ് (55) കഴിഞ്ഞ ഫെബ്രുവരി 26ന് വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. വത്സലയെ അതിക്രൂരമായി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും കഴുത്തിന് ചുറ്റുമുള്ള എല്ലുകൾക്ക് ഒടിവ് സംഭവിച്ചിട്ടുള്ളതായും നെഞ്ചിലും ഉദരത്തിലും ചുണ്ടിലും മുറിവേറ്റ പാടുകളുള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഭിത്തിയിലും തറയിലും സ്വിച്ച് ബോർഡിലും രക്തം ഒലിച്ച പാടുകളുമുണ്ടായിരുന്നു.
ലൈംഗികാതിക്രമത്തിനിടെ വത്സല കൊലചെയ്യപ്പെട്ടതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഏരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, അംഗങ്ങളായ ഡോൺ വി.രാജ്, ഷൈൻ ബാബു, അനുരാജ്, കൊല്ലപ്പെട്ട വത്സലയുടെ മകനും മുൻ പഞ്ചായത്തംഗവുമായ ഷിബു എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

