മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ചികിത്സയിൽ കഴിയുന്ന മാതാവിന് കൂട്ടിരിക്കാനെത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാതാവിന് ആഹാരം വാങ്ങാൻ ബ്ലോക്കിൽനിന്ന് പുറത്തിറങ്ങി റോഡിലേക്ക് നടന്ന യുവതിയെ രണ്ടുപേർ കാറിൽ ബലമായി പിടിച്ചുകയറ്റിക്കൊണ്ടു പോയതായാണ് പ്രാഥമിക വിവരം. ഏറെസമയം കഴിഞ്ഞ് ആശുപത്രിയിൽ തിരിച്ചെത്തിയ യുവതിയുടെ വസ്ത്രധാരണത്തിൽ സംശയം തോന്നിയ മറ്റുള്ള രോഗികളുടെ കൂട്ടിരിപ്പുകാർ കാര്യങ്ങൾ തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മെഡിക്കൽ കോളജ് പൊലീസ് പ്രാഥമികാന്വേഷണം നടത്തി സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. അതേസമയം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രവർത്തനക്ഷമമല്ലെന്ന് സൂചനയുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ മൊഴിയെടുക്കുന്നതിലും പൊലീസിന് കടമ്പകളുണ്ട്.
മെഡിക്കൽ കോളജ് പരിസരത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറ ദൃശ്യങ്ങളിൽനിന്ന് പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സംഭവത്തിൽ മെഡിക്കൽ കോളജ് അധികൃതർ പൊലീസിൽ പരാതി നൽകാനോ പ്രതികരിക്കാനോ തയാറായിട്ടില്ല.