മദ്യപാനം ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ചവർ പിടിയിൽ
text_fieldsകണ്ണനല്ലൂർ: വീടിന് മുൻവശം പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ ആക്രമിച്ചവർ കണ്ണനല്ലൂർ പൊലീസിന്‍റെ പിടിയിലായി. നെടുമ്പന വലിയവിള ജങ്ഷന് സമീപം ചരുവിള പുത്തൻ വീട്ടിൽ ബാബുരാജൻ (58), മകൻ ബിനിൽരാജ് (26) എന്നിവരാണ് അറസ്റ്റിലായത്.
12ന് വൈകീട്ട് നെടുമ്പന വലിയവിള ജങ്ഷന് സമീപം വലിയവിള മേലതിൽ വീട്ടിൽ ഷൈജുവിന്‍റെ പണി നടന്നുകൊണ്ടിരിക്കുന്ന വീടിന് മുൻവശം ബിനിൽരാജും കൂട്ടുകാരും ചേർന്ന് മദ്യപിക്കുന്നത് ഷൈജു ചോദ്യം ചെയ്തിരുന്നു.
ഇതിലെ വിരോധത്താൽ രാത്രി 10.30 ഓടെ മാരകായുധങ്ങളുമായി എത്തിയ ബിനിൽരാജ് അസഭ്യം വിളിച്ചുകൊണ്ട് ഷൈജുവിന്‍റെ നെറ്റിയിലും തലയിലും വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
ഈ സമയം ബിനിലിന്‍റെ പിതാവായ ബാബുരാജനും സംഭവസ്ഥലത്തെത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി. വിപിൻകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സജീവ്, എസ്.സി.പി.ഒ പ്രജേഷ്, സി.പി.ഒമാരായ മനാഫ്, ആതിഫ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.