അതിഥി തൊഴിലാളികളെ ആക്രമിച്ച് ഫോൺ തട്ടിയെടുക്കുന്ന സംഘാംഗം പിടിയിൽ
text_fieldsഅഖിൽ
തലശ്ശേരി: പൊലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളെ ആക്രമിച്ച് ഫോണും പണവും തട്ടിയെടുക്കുന്ന സംഘാംഗം പിടിയിൽ. കേളകം ശാന്തിഗിരി സ്വദേശി കലശപറമ്പത്ത് നിജിൽ കുമാർ എന്ന അഖിലിനെ (30) യാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്ത സ്വദേശി സുൽത്താന്റെ ഫോൺ കവർന്ന കേസിലാണ് അറസ്റ്റ്. കേരളത്തിലും ഗോവയിലുമായി പതിനെട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. റെയിൽവേ പൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്. ട്രെയിൻ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
മോഷണം, പിടിച്ചുപറി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറോടെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന കൊൽക്കത്ത സ്വദേശി സഞ്ജയ് ബാറ എന്ന റോബർട്ടിനെ ഒ.വി റോഡിൽ തടഞ്ഞുനിർത്തി മുഖത്ത് മുളക് പൊടി സ്പ്രേ ചെയ്ത് മൊബൈൽ ഫോൺ കവർച്ച നടത്തിയ കേസിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. കൂട്ടുപ്രതിയെ പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ജനുവരി 17 ന് പുലർച്ചെ തലശ്ശേരി മുകുന്ദ് ജങ്ഷനിൽ വെച്ച് കൊളശ്ശേരിയിലെ കോഴിപീടികയിലേക്ക് സൈക്കിളിൽ ജോലിക്ക് പോവുകയായിരുന്ന കൊൽക്കത്ത സ്വദേശി സുൽത്താനെ ആക്രമിച്ച് 25,000 രൂപയുടെ മൊബൈൽ ഫോൺ കവരുകയായിരുന്നു.
ജീവകാരുണ്യ പ്രവർത്തകനായ മൻസൂർ മട്ടാമ്പ്രമാണ് ഇയാളെ ആശുപത്രിയിലെത്തിക്കാനും പൊലീസിൽ പരാതിപ്പെടാനും സഹായിച്ചത്. തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ, എസ്.ഐ സജേഷ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

