പ്രവാസി കുടുംബം പൂജിക്കാൻ നൽകിയ നവരത്നമോതിരം പണയം വച്ചു; മേൽശാന്തിക്ക് സസ്പെൻഷൻ
text_fieldsകോട്ടയം: പൂജിച്ചു നൽകാൻ കൈമാറിയ ഒന്നര ലക്ഷം രൂപയുടെ നവരത്നമോതിരം തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിലെ മേൽശാന്തി പണയം വച്ചു. പരാതിയെത്തുടർന്നു മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. പ്രവാസി മലയാളി കുടുംബമാണ് നവരത്നമോതിരം പൂജിക്കാൻ നൽകിയത്.
ആഴ്ചകൾക്കു ശേഷം മോതിരം തിരികെ നൽകിയെങ്കിലും ദേവസ്വത്തിന്റെയും വിജിലൻസിന്റെയും അന്വേഷണം തുടരുകയാണ്. വൈക്കം ഡപ്യൂട്ടി കമ്മിഷണർ ഓഫിസിന്റെ പരിധിയിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ.പി.വിനീഷിനെയാണു സസ്പെൻഡ് ചെയ്തത്.
ദുബൈയിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവുമാണു മോതിരം മേൽശാന്തിയെ ഏൽപിച്ചത്. 21 ദിവസത്തെ പൂജ ചെയ്താൽ കൂടുതൽ ഉത്തമമാകുമെന്നു വിശ്വസിപ്പിച്ചു. ഒടുവിൽ മേൽശാന്തിയെ കണ്ട പ്രവാസി മലയാളിക്കു ദിവസങ്ങൾ നീണ്ട പൂജകളുടെ പൂവും ചന്ദനവും മാത്രമാണു പ്രസാദമായി പട്ടിൽ പൊതിഞ്ഞു കിട്ടിയത്. മോതിരം കൈമോശം വന്നെന്നാണു മേൽശാന്തി പറഞ്ഞത്. പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണർക്കു പരാതി നൽകിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയം വച്ചെന്നു മേൽശാന്തി സമ്മതിച്ചു.
അന്വേഷണത്തിനിടയിൽ പിന്നീട് മേൽശാന്തി മോതിരം തിരികെ നൽകി. തുടർന്ന്, വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതേ സമയം മോതിരം യഥാവിധി രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ കൈമാറിയതല്ലെന്നും മേൽശാന്തിയുമായി വഴിപാടുകാർ നേരിട്ട് നടത്തുകയായിരുന്നുവെന്നുമാണു തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്.ഐ എസ്.വി.ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

