ആൻഡമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്ന് കൊറിയര്‍ വഴി എം.ഡി.എം.എ കടത്ത്; മൂന്ന് പ്രതികള്‍ക്ക് 15 വര്‍ഷം കഠിന തടവും പിഴയും
text_fieldsനിഷാന്ത്, റിയാസ്, സിറാജുദ്ദീൻ
മഞ്ചേരി: ആൻഡമാന്‍ നിക്കോബാര്‍ ദ്വീപില്‍നിന്ന് കൊറിയര്‍ വഴി എം.ഡി.എം.എ കടത്തിയ മൂന്ന് പ്രതികള്‍ക്ക് മഞ്ചേരി എന്‍.ഡി.പി.എസ് കോടതി 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാണക്കാട് പഴങ്കരകുഴിയില്‍ വീട്ടിൽ നിഷാന്ത് (25), മലപ്പുറം കോട്ടപ്പടി പുതുശ്ശേരി റിയാസ് (33), പാണക്കാട് പട്ടര്‍ക്കടവ് മൂന്നുക്കാരന്‍ സിറാജുദ്ദീന് (30) എന്നിവരെയാണ് ജഡ്ജ് ടി.ജി. വര്‍ഗ്ഗീസ് ശിക്ഷിച്ചത്. പിഴയടക്കാത്തവര്‍ ഓരോ വര്‍ഷം വീതം അധിക കഠിന തടവ് അനുഭവിക്കണമെന്നും ഉത്തരവിട്ടു.
2023 ഫെബ്രുവരി 21ന് വൈകീട്ട് നാലിനാണ് സംഭവം. നാലാം പ്രതിയായ മുഹമ്മദ് സാബിദാണ് രാജേന്ദ്രന് എന്ന വ്യാജ മേല്‍വിലാസത്തില്‍ മഞ്ചേരി തുറക്കല്‍ ബൈപാസിലെ സ്വകാര്യ കൊറിയര്‍ സര്‍വിസിലേക്ക് അരക്കിലോ തൂക്കം വരുന്ന എം.ഡി.എം.എ അയച്ചത്. ഇവിടെനിന്ന് ഡെലിവറിയെടുത്ത് കാറില്‍ കയറ്റുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.
കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും നടത്തിയ പരിശോധനയിലാണ് കിസാന്‍ ജാം, പീനട്ട് ബട്ടര്‍ എന്നിവ അടക്കം ചെയ്ത ഗ്ലാസ് ജാറുകളില്‍ കടത്തിയ മയക്കു മരുന്ന് പിടികൂടിയത്. നാലാം പ്രതി സാബിദിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾ ഒളിവിലാണ്. എക്സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളില്‍ പോയി കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി ആൻഡമാനിൽ ബംഗറിൽ സൂക്ഷിച്ച 50 കിലോയോളം മെത്താംഫിറ്റമിൻ അന്വേഷണസംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇതിന് വിപണിയിൽ 100 കോടിയോളം രൂപ വില വരും. പ്രോസിക്യൂഷനായി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സുരേഷ് 22 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 52 രേഖകളും ഹാജരാക്കി. പ്രതികളെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

