മുക്കത്ത് എം.ഡി.എം.എ പിടികൂടിയ സംഭവം; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്
text_fieldsമുക്കം: മുക്കത്ത് രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് കിലോ 800 ഗ്രാമിലധികം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ പോലീസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി താമരശ്ശേരി ഡി.വൈ.എസ്.പി വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു.
മയക്കുമരുന്നിന്‍റെ ഉറവിടം, പ്രതിയുടെ കൂട്ടാളികൾ, സാമ്പത്തിക സ്ത്രോതസ്സ് എന്നിവയാണ് പ്രധാനമായും അന്വേഷിക്കുക. പോത്ത് കച്ചവടക്കാരനായ പ്രതിയുടെ കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷിക്കും. അതിനിടെ വടകര നാർക്കോട്ടിക് കോടതിയിൽ റിമാൻഡിൽ കഴിയുന്ന പ്രതി മുക്കം പൂളപ്പോയിൽ, പുല്ലമ്പാടി പറമ്പിൽ പി. മുഹമ്മദ് ഹനീഫയെ (36) കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. ഇതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
ഏപ്രിൽ രണ്ടിനാണ് എം.ഡി.എം.എയുടെ വൻ ശേഖരം പിടികൂടിയത്.സംഭവത്തിൽ മുഹമ്മദ് ഹനീഫയെ കൂടാതെ കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത് (45 ) പിടിയിലായിരുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ടി. ഫറാഷ് ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം ജില്ല നാർകോട്ടിക് ഡി.വൈ.എസ്.പി. ടി ഉത്തംദാസിന്‍റെ നേതൃത്വത്തിലുള്ള നർകോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘവും താമരശ്ശേരി ഡി.വൈ.എസ്.പി വിനോദ് കുമാറിന്‍റെ കീഴിലുള്ള മുക്കം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിരുന്നത്.
മുഹമ്മദ് ഹനീഫയിൽ നിന്ന് 517 ഗ്രാം എം.ഡി.എം.എ ആദ്യം പിടികൂടി.തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബാക്കി എം.ഡി.എം.എ പിടികൂടിയത്. നോട്ട് എണ്ണുന്നതിനുള്ള കൗണ്ടിങ് മെഷീനും പാക്കിങ്ങിനുള്ള നിരവധി കവറുകളും നിരവധി ഡിജിറ്റൽ ഇലക്ട്രോണിക് ത്രാസുകളും കണ്ടെടുത്തു.
ഡൽഹിയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും മുഹമ്മദ് ഹനീഫ ലഹരി എത്തിക്കാറുണ്ടന്ന് പൊലീസ് പറഞ്ഞു. നിരന്തരം ഇതിനായി ഇയാൾ വിമാന യാത്രകളും നടത്താറുണ്ട്. കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് വിമാനത്തിലും തിരിച്ച് ട്രെയിനിലുമാണ് യാത്രകൾ നടത്തിയിരുന്നത്. വർഷങ്ങളായി ഒടീഷയിൽ നിന്ന് കാലികളെ ഇറക്കി ആന്ധ്രയിലും മറ്റും വിൽപന നടത്തിയിരുന്ന ഹനീഫ പിന്നീട് ലഹരിക്കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു.
ഡാൻസാഫ് എസ്.ഐ മാരായ വിനീത് വിജയൻ, രാജീവ്ബാബു, കെ. ശ്രീരാഗ് , മനോജ് രാമത്ത്, എ.എസ്.ഐമാരായ വി.വി. ഷാജി എൻ.എം, ജയരാജൻ, സി.എം സുനിൽ കുമാർ, എസ്.സി.പി.ഒ മാരായ പി.പി ജിനീഷ്, എ.കെ. രതീഷ്ലാലിജ് എം, സിപി.ഒ മാരായ ടി.കെ ശോഭിത്ത് , വി.കെ.അഖിലേഷ് , എം.ടി.മിധുൻ മോഹൻ, ഡി.ബിലിധിൻ, റിജേഷ്, അനൂപ് സെൻ, ജയന്തി റീജ, പി.കെ. ജിഷ എന്നിവർ ചേർന്ന സംഘമാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

