മംഗളൂരുവിൽ വിദ്യാർഥികൾക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പാത്തുകരയിൽ മാരക മയക്കുമരുന്ന് എം.ഡി.എം.എ വിൽപന നടത്തുകയായിരുന്ന യുവാവിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ മുക്കഞ്ചേരി സ്വദേശി അബ്ദുൽ സവാസ് (30) ആണ് അറസ്റ്റിലായത്. മംഗളൂരുവിൽ കോളജ് വിദ്യാർഥികൾക്കും വിവിധ പാർപ്പിടങ്ങളിലെ താമസക്കാർക്കും ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
നാട്ടുകാർ വിവരം നൽകിയതനുസരിച്ച് എത്തിയ പൊലീസ് യുവാവിന്റെ മയക്കുമരുന്ന് വിൽപന കൈയോടെ പിടികൂടുകയായിരുന്നു. 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോൺ, 2120 രൂപ, സ്കൂട്ടർ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

