എം.ഡി.എം.എ വിൽപന: കൊടുവള്ളിയിൽനിന്നും മൂന്നുപേരെ പൊലീസ് പിടികൂടി
text_fieldsശ്രീനു, മുഹമ്മദ് ജൈസൽ, ജിസാർ
കോഴിക്കോട്: എം.ഡി.എം.എ വിൽപന നടത്തിയ മൂന്നുപേരെ കൊടുവള്ളിയിൽ നിന്ന് പൊലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി ചന്ദനം പുറം വീട്ടിൽ ജിസാർ (40), പാലക്കുന്നുമ്മൽ മുഹമ്മദ് ജൈസൽ (34), താമരശ്ശേരി തച്ചംപൊയിൽ കമ്പിന്റെ അകായിൽ ശ്രീനു (27) എന്നിവരെയാണ് ശനിയാഴ്ച രാത്രി 11ന് വാവാട് വെച്ച് 36.20 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇവർ ലഹരി വിൽപന നടത്തുന്നതായി കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. പിടികൂടിയ ലഹരിമരുന്നിന് ഒന്നര ലക്ഷത്തോളം രൂപ വില വരും.
കാറിലെ ഡ്രൈവർ സീറ്റിന്റെ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഓപ്പറേഷൻ തൂഫാൻ ലഹരി വേട്ടയോടനുബന്ധിച്ച് കണ്ണൂർ റേഞ്ച് അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മുഹമ്മദ് ജൈസൽ രണ്ടു വർഷം മുമ്പ് 60 ഗ്രാം എം.ഡി.എം.എയുമായി ഓമശ്ശേരിയിൽ ലോഡ്ജിൽ വെച്ച് ഡാൻസാഫിന്റെ പിടിയിലായ ആളാണ്. ആ കേസിൽ രണ്ടു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
പിടിയിലായ ജിസാറിനെയും മുമ്പ് കൊടുവള്ളിയിൽ അഞ്ചു ഗ്രാം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ലഹരി വിൽപനക്കാരിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ഇടനിലക്കാർ മുഖേനയാണ് ഇവർ ലഹരി എത്തിക്കുന്നത്. പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നർകോട്ടിക് സെൽ ഡിവൈ.എസ്.പി ഉത്തംദാസ്, താമരശ്ശേരി ഡിവൈ.എസ്.പി കെ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുവള്ളി ഇൻസ്പെക്ടർ എ.യു. ജയപ്രകാശ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു, എ.എസ്.ഐ എൻ.എം. ജയരാജൻ, സീനിയർ സി.പി.ഒമാരായ പി.പി. ജിനീഷ്, പി.കെ. അനസ്, കൊടുവള്ളി എസ്.ഐമാരായ അബ്ദുറഹ്മാൻ, എം. മോഹനൻ, എസ്.എസ്.ഐമാരായ എ.ആർ. ശ്രീജ, വി.എസ്. ശ്രീജേഷ്, എസ്.സി.പി.ഒ അനൂപ് തറോൽ, സി.പി.ഒ റിജോ മാത്യു, കെ. ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

