ക്ലീനിങ് മോപ്പ് ബിസിനസിന്റെ മറവിൽ എം.ഡി.എം.എ വിൽപന: രണ്ടുപേർ പിടിയിൽ
text_fieldsഅമൽ ജോർജ്, അഭിജിത്ത്
കൊച്ചി: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. ചേരാനല്ലൂർ ഇടയക്കുന്നം സ്വദേശി അമൽ ജോർജും (33), വടക്കേക്കര പാല്യത്തുരുത്ത് സ്വദേശി അഭിജിത്തുമാണ് 14.63 ഗ്രാം എം.ഡി.എം.എയുമായി കൊച്ചി സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. അമൽ കച്ചവടത്തിന്റെ കാര്യങ്ങൾ നോക്കിയപ്പോൾ അഭിജിത്തിനായിരുന്നു പണമിടപാടിന്റെ ചുമതല. സിനിമ, മെഡിക്കൽ രംഗത്ത് ഉൾപ്പെടെ സമൂഹത്തിന്റെ ഉന്നതങ്ങളിൽ ലഹരി എത്തിക്കുന്നതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ഇവരുടെ പണമിടപാടുകൾ അടക്കം പരിശോധിച്ചുവരികയാണെന്നും ആർക്കൊക്കെ ലഹരി എത്തിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാൻ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. ഡാൻസാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി 10ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ചേരാനല്ലൂരിലെ പോയിഷ റോഡിലുള്ള അപ്പാർട്ട്മെന്റിലെ താത്കാലിക താമസസ്ഥലത്താണ് ഇവർ കഴിഞ്ഞ അഞ്ചുദിവസമായി താമസിച്ചിരുന്നത്.
രാത്രി 10 മുതൽ 12 വരെ നീണ്ട പരിശോധനയിൽ പ്രതികളിൽനിന്ന് ലഹരിമരുന്നിന് പുറമെ മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇവരുടെ ലഹരിയിടപാടുകൾ, ആരൊക്കെയാണ് ആവശ്യക്കാർ, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയവ കണ്ടെത്താനായി ഫോണുകൾ ഡിജിറ്റൽ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രിക്ക് സമീപം തിരക്കേറിയ ജനവാസ-വാണിജ്യ മേഖലയാണ് പ്രതികൾ ഇടപാടുകൾ നടത്തിയിരുന്നത്.
ചികിത്സക്കായി രോഗികളും ബന്ധുക്കളുമുള്ളതിനാൽ പ്രദേശത്തെ ഫ്ലാറ്റുകളും ലോഡ്ജുകളും ഹോംസ്റ്റേകളും എളുപ്പത്തിൽ വാടകക്ക് ലഭിക്കുമായിരുന്നു. ചികിത്സക്കെന്ന വ്യാജേന മുറിയെടുത്താൽ പൊലീസിന്റെയോ നാട്ടുകാരുടെയോ സംശയം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഇവർ ഇവിടെ താമസമാക്കിയത്. അമലും അഭിജിത്തും ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതികളാണ്. അമൽ ജോർജ് കഴിഞ്ഞ വർഷം ജൂലൈ 3ന് 203.7 ഗ്രാം എം.ഡി.എം.എയുമായി തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു. അതിനുമുമ്പും രണ്ടു ലഹരിക്കേസുകൾ അമലിന്റെ പേരിലുണ്ട്.
ക്ലീനിങ് മോപ്പുകൾ വിൽക്കുന്ന ബിസിനസിന്റെ മറവിലായിരുന്നു ഇവരുടെ എം.ഡി.എം.എ വിൽപന. തങ്ങളുടെ ഇടപാടുകാരിൽ സിനിമ മേഖലയിൽ ഉള്ളവരടക്കം ഉണ്ടെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. കൂടുതൽ അന്വേഷണത്തിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കാമെന്നാണ് പൊലീസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

